തിരുവനന്തപുരം: ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് ഇടപാടിന്റെ രേഖകൾക്ക് സി.ബി.ഐ ചീഫ് സെക്രട്ടറിയെ സമീപിക്കും. കേസിൽ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്.സി.ബി.ഐക്ക് മുമ്പേ ലൈഫ് മിഷൻ ആസ്ഥാനത്ത് എത്തിയ വിജിലൻസ് യഥാർത്ഥ രേഖകളെല്ലാം കൈവശപ്പെടുത്തുകയും പ്രാഥമിക അന്വേഷണത്തിനു ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഈ രേഖകൾ കൈമാറാൻ വിജിലൻസിനോടും ആവശ്യപ്പെടും. രേഖകൾ ഹാജരാക്കാൻ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിന് സി.ബി.ഐ നോട്ടീസ് നൽകിയെങ്കിലും പകർപ്പുകളാണ് ജോസ് ഹാജരാക്കിയത്. യഥാർത്ഥ ഫയലുകൾ വിജിലൻസിൽ നിന്ന് വാങ്ങിനൽകാൻ ലൈഫ് മിഷൻ ഉദ്യോഗസ്ഥർക്ക് സിബിഐ നിർദ്ദേശം നൽകിയെങ്കിലും അവർ നിസഹായത അറിയിച്ചിരുന്നു. സെക്രട്ടേറിയറ്റിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ വിജിലൻസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. തുടരന്വേഷണത്തിനായി കോടതി തന്നെ ഈ രേഖകൾ തിരികെ നൽകി. അതിനാൽ ഇനി കോടതി നിർദ്ദേശം ഇല്ലാതെ രേഖകൾ സിബിഐക്ക് നൽകേണ്ടെന്നായിരുന്നു വിജിലൻസിന്റെ തീരുമാനം. സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ രേഖകൾ സിബിഐക്ക് കൈമാറേണ്ടിവരും.
അതേസമയം ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാകുമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |