തിരുവനന്തപുരം: പ്രളയബാധിതർക്കുള്ള പുനരധിവാസ പദ്ധതിയായ പുനർജനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനെ കൂടാതെ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന എൻ.ജി.ഒയ്ക്കും അതിന്റെ ചെയർമാൻ അമീർ അഹമ്മദിനെതിനെതിരെയും സി.ബി.ഐ അന്വേഷണം വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. വി.ഡി.സതീശന് വിജിലൻസ് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
അമീർ അഹമ്മദും സതീശനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രളയബാധിതരെ പുനരധിവസിപ്പിക്കാനെന്ന പേരിൽ വിദേശത്ത് പണം പിരിച്ചു കേരളത്തിലേക്ക് അയച്ചതെന്നാണ് ആരോപണം. 2018-22ൽ ഫൗണ്ടേഷന്റെ എഫ്.സി.ആർ.എ അക്കൗണ്ടിലേക്ക് 1,22,23,152 രൂപ വന്നതായും കണ്ടെത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നും പദ്ധതിയുടെ പേരിൽ സതീശനുവേണ്ടി സ്വരൂപിച്ച പണമാണ് ഇതെന്നാണ് വിജിലൻസിന് ലഭിച്ച പരാതിയിലുള്ളത്.
ഫൗണ്ടേഷൻ വിദേശ ഫണ്ട് സ്വീകരിച്ചതിന്റെ രേഖകളോ റെക്കോർഡുകളോ സൂക്ഷിച്ചിട്ടില്ലാ എന്നും എഫ്.സി.ആർ.എ നിയമത്തിന്റെ റൂൾ 19ന്റെ ലംഘനമാണെന്നും വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന പണവും അതിനായി നൽകിയ രേഖകളും തമ്മിൽ പൊരുത്തക്കേടുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് വിജിലൻസിന്റെ നിഗമനം.
വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ സ്പീക്കറുടെ ഓഫീസ് ചില കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടിരുന്നു. അതിൽ സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ എന്നൊരു ചോദ്യമുണ്ട്. അതിന് ഇല്ല എന്നായിരുന്നു മറുപടി. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല എന്നുമാത്രമാണ് അതിന്റെ അർത്ഥം. എന്നാൽ, സതീശൻ ബർക്കിംഗ്ഹാമിൽ പോയി അവിടത്തെ പരിപാടിയിൽ ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പ്രസംഗിച്ചതിന്റെ അടിസ്ഥാനത്തിൽ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് യു.കെയിൽ നിന്നും പണം വന്നിട്ടുണ്ട്.
ഇങ്ങനെ വന്ന പണം എഫ്.സി.ആർ.എ നിയമത്തിന്റെ ലംഘനമാണെന്നും പണം സ്വരൂപിച്ച് അയച്ചത് സതീശന്റെ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണെന്നും പ്രസംഗ വീഡിയോയിൽ നിന്ന് വ്യക്തമാകുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
തീരുമാനം നിയമ
പരിശോധനയ്ക്കു ശേഷം
വി.ഡി.സതീശനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന വിജിലൻസ് ശുപാർശയിൽ സർക്കാർ തീരുമാനം നിയമപരിശോധനയ്ക്ക് ശേഷമാകും ഉണ്ടാവുക. അഡ്വക്കേറ്റ് ജനറൽ ഉൾപ്പടെയുള്ളവരിൽ നിന്നാവും നിയമോപദേശം തേടുക. കഴിഞ്ഞ വർഷം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലാണ് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ശുപാർശയുണ്ടായിരുന്നത്.
അതേസമയം, പരാതിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും അന്വേഷിച്ച വിജിലൻസ് അഴിമതി നിരോധന നിയമമനുസരിച്ച് കേസെടുക്കുന്നതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സതീശൻ വ്യക്തിപരമായി വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം മണപ്പാട്ട് ഫൗണ്ടേഷന്റെ ഭാരവാഹിയല്ലെന്നും ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടും വിജിലൻസ് സമർപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |