തിരുവനന്തപുരം: കർഷക സമരം നീണ്ടുപോകുന്നത് രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു. ഡൽഹി കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം കെ.പി.സി.സി നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷികരംഗത്തും ഭക്ഷ്യസുരക്ഷയിലും സ്വയംപര്യാപ്തത നേടാൻ രാജ്യത്തെ സഹായിച്ച കർഷകരുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണം. ജവാനെയും കർഷകനെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. അവർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകാതെ നോക്കേണ്ട ബാധ്യത നമുക്കുണ്ട്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത പ്രധാനമന്ത്രിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കൃഷിഭൂമി കോർപറേറ്റുകൾക്ക് തീറെഴുതാൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാർലമെന്റിനെ നോക്കുകുത്തിയാക്കിയും ജനാധിപത്യ ആശയങ്ങളെ കാറ്റിൽപ്പറത്തിയുമാണ് നരേന്ദ്ര മോദി കരിനിയമങ്ങൾ പാസാക്കിയത്. കർഷക വിരുദ്ധ കരിനിയമം കേന്ദ്ര സർക്കാർ പിൻവലിക്കും വരെ കോൺഗ്രസ് പോരാട്ടം നടത്തും. കേരളത്തിൽ ചങ്ങാത്ത മുതലാളിത്ത മൂലധനശക്തികളുമായിട്ടാണ് മുഖ്യമന്ത്രിക്ക് ബന്ധമെന്നും കർഷക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ കേരള സർക്കാർ പരാജയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, പി.സി. ചാക്കോ, അടൂർ പ്രകാശ് എം.പി, എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, പി. വിശ്വനാഥൻ, കെ.പി.സി.സി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ഡി.സി.സി പ്രസിഡന്റുമാർ, എം.എൽ.എമാർ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |