കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റു എന്നതിനാൽ സംസ്ഥാനത്ത് കോൺഗ്രസ് ദുർബലമാണെന്ന് കരുതേണ്ടെന്ന് കെ മുരളീധരൻ എം പി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വർണത്തിന്റെ മാറ്റ് കൂടുമെന്നും കോഴിക്കോട്ട് വാർത്താലേഖകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ വടകരയ്ക്ക് കീഴിൽ വരുന്ന നിയസഭാ മണ്ഡലങ്ങളിലൊഴികെ മറ്റൊരിടത്തും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പോവില്ലെന്നും ഇത് ഉറച്ച തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'പുനസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാർട്ടിയിൽ പറഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്. തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിന് മാത്രമാണ്. ഗുണദോഷങ്ങളുടെ ഉത്തരവാദിത്വം അവർക്കാണ്. പാർട്ടിയിൽ പുതിയ പദവികൾ ഒന്നും ഏറ്റെടുക്കാനില്ല. കെ പി സി സി അദ്ധ്യക്ഷൻ മത്സരിക്കുമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. മുല്ലപ്പളളി മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടോ എന്ന് അറിയില്ല. യു ഡി എഫിൽ പുറത്തുനിന്ന് ഏതെങ്കിലും കക്ഷികളെ എടുക്കണമെങ്കിൽ യു ഡി എഫിനകത്ത് ചർച്ചചെയ്യണം. ഇപ്പോൾ അങ്ങനത്തെ ചർച്ചകളൊന്നും വന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ആർ എം പിയുമായുളള സഹകരണം വടകരമേഖലയിൽ യു ഡി എഫിന് ഗുണംചെയ്തിട്ടുണ്ട്. വടകര സീറ്റിൽ എന്ത് ചെയ്യണമെന്ന് യു ഡി എഫ് തീരുമാനിക്കും'-മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |