ന്യൂഡൽഹി:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടിയും വിലയിരുത്താനും സംസ്ഥാന കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാനും ഹൈക്കമാൻഡും കേരളത്തിലെ കോൺഗ്രസ് നേതാക്കളും തമ്മിലുള്ള ചർച്ച ഇന്ന് തുടങ്ങും. ഇതിനായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിലെത്തി.
തദ്ദേശ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം നടത്തിയ ജില്ലകളിലെ ഡി.സി.സി അദ്ധ്യക്ഷൻമാരെ മാറ്റണമെന്ന് ഹൈക്കമാൻഡ് നിയോഗിച്ച എ.ഐ.സി.സി സെക്രട്ടറിമാരായ പി. വിശ്വനാഥൻ, ഐവാൻ ഡിസൂസ, പി.വി മോഹൻ എന്നിവർ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവറിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ ഇന്ന് ചർച്ച നടക്കും.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഡി.സി.സി തലത്തിൽ അഴിച്ചുപണി നല്ലതല്ലെന്ന നിലപാടാണ് എ, ഐ ഗ്രൂപ്പുകൾക്ക്. എന്നാൽ മോശം പ്രകടനം നടത്തിയ ജില്ലകളിലെ അദ്ധ്യക്ഷൻമാരെ മാറ്റണമെന്ന് മുല്ലപ്പള്ളി ശക്തമായി ആവശ്യപ്പെടുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട,പാലക്കാട് തുടങ്ങിയ ജില്ലകളിൽ കോൺഗ്രസിന്റെ പ്രകടനം മോശമായിരുന്നു.
തൃശൂരും കോഴിക്കോടും പുതിയ അദ്ധ്യക്ഷൻമാരായതിനാൽ മാറ്റമുണ്ടാകില്ല. ഇരട്ട പദവി വഹിക്കുന്നതിനാൽ പാലക്കാട്ട് വി.കെ ശ്രീകണ്ഠൻ എം.പിയെയും വയനാട്ടിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെയും എറണാകുളത്ത് ടി.ജെ. വിനോദ് എം.എൽ.എയെയും ഡി.സി.സി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറ്റും.
നിയമസഭാ പ്രചാരണ സമിതി ചെയർമാനെ ഉടൻ തീരുമാനിക്കും. ഉമ്മൻചാണ്ടി, കെ.സുധാകരൻ, കെ.മുരളീധരൻ എന്നിവർ സജീവ പരിഗണനയിലാണ്. പാർലമെൻറിന്റെ ബഡ്ജറ്റ് സമ്മേളനത്തിനെത്തുന്ന
കേരളത്തിലെ കോൺഗ്രസ് എം.പിമാർ വെവ്വേറെ രാഹുൽഗാന്ധിയെ കാണും. തദ്ദേശതിരഞ്ഞെടുപ്പിലെ തോൽവി കെ.പി.സി.സി നേതൃത്വം അംഗീകരിക്കണമെന്നാണ് എം.പിമാരുടെ ആവശ്യം.
രണ്ടുതവണ തോറ്റവർക്കും നാലുതവണ ജയിച്ചവർക്കും സീറ്റില്ല
എം.പിമാർക്കും രണ്ടു തവണ തോറ്റവർക്കും നാലു തവണ എം.എൽ.എയായവർക്കും
നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും സീറ്റു നൽകില്ല. ഉമ്മൻചാണ്ടിയെ പോലുള്ള ചില മുതിർന്ന നേതാക്കൾക്ക് മാത്രമായിരിക്കും ഇളവ്.ഗുരുതരമായ കേസുകളുള്ളവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റവർക്കും സീറ്റില്ല. എം. പിമാർക്ക് തങ്ങളുടെ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ രണ്ട് സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാം. സ്ഥാനാർത്ഥി നിർണയത്തിൽ സമുദായ സമവാക്യം പൂർണമായും ഉറപ്പാക്കണം എന്നിങ്ങനെയാണ് ധാരണയായ ഫോർമുലയെന്നാണ് സൂചന.
ഉമ്മൻചാണ്ടിക്ക് ഏത് പദവിയും നൽകാം - ചെന്നിത്തല
ഉമ്മൻചാണ്ടിക്ക് ഏത് പദവി നൽകിയാലും സന്തോഷമാണെന്ന് രമേശ് ചെന്നിത്തല മാദ്ധ്യങ്ങളോട് പറഞ്ഞു. മറിച്ചുള്ള വാർത്തകൾ തെറ്റാണ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനാണ് ഡൽഹിയിലെത്തിയത്. ഉമ്മൻചാണ്ടിയും താനും മുല്ലപ്പള്ളിയും ഒറ്റക്കെട്ടാണ്. പാർട്ടിയിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |