ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം അൻപത്തിയഞ്ച് ദിവസം പിന്നിട്ടു. സമരം തുടരുമെന്നും, നിയമങ്ങൾ പിൻവലിക്കുന്നതിന് മുമ്പ് കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ നാട്ടിലേക്ക് പോകില്ലെന്നും ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ അറിയിച്ചു.
ആരോഗ്യപ്രവർത്തകർക്ക് പിന്നാലെ മുതിർന്ന പൗരന്മാർക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും അൻപത് വയസിന് മുകളിലുള്ളവരാണ്. അതിനാൽത്തന്നെ കർഷകരുടെ നിലപാട് സർക്കാരിന് വെല്ലുവിളിയായേക്കും.
കൊവിഡ് മരണനിരക്ക് സംബന്ധിച്ച സർക്കാരിന്റെ അവകാശവാദങ്ങൾ വിശ്വസിക്കുന്നില്ലെന്നാണ് ചില കർഷകരുടെ പ്രതികരണം. പ്രതിഷേധം തുടങ്ങിയ ദിനം മുതൽ ശാരീരിക അകലം പാലിക്കുന്നത് അസാദ്ധ്യയമായിരുന്നെന്നും, എന്നാൽ 1,00,200 ആളുകളുള്ള തങ്ങളുടെ കൂട്ടത്തിൽ ആർക്കും ഇതുവരെ വൈറസ് ബാധിച്ചിട്ടില്ലെന്നും കർഷകനായ ബൽപ്രീത് സിംഗ് പറഞ്ഞു. രോഗത്തേക്കാൾ മാരകമാണ് ഭയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ജനുവരി 26ന് പ്രഖ്യാപിച്ചിരിക്കുന്ന കിസാൻ ട്രാക്ടർ മാർച്ചുമായി മുന്നോട്ട് പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം. റാലി സമാധാനപരമായിരിക്കുമെന്നും, ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തടസമുണ്ടാകില്ലെന്നും കർഷകർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |