തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകൾ നാലു വർഷമായി ഓഡിറ്റീന് സമർപ്പിച്ചില്ലെന്ന് സി.എ.ജി കുറ്രപ്പെടുത്തി. 22.41 കോടി രൂപയുടെ ധനദുർവിനിയോഗം, പണാപഹരണം എന്നിവ ഉൾപ്പെട്ടിട്ടുള്ള 140 കേസുകളിലെ അന്തിമ നടപടികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കിട്ടില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.
ഒരു സ്വകാര്യ സ്ഥാപനത്തിന്റെയോ, തദ്ദേശ സ്ഥാപനത്തിന്റെയോ പൊതുആവശ്യങ്ങൾക്ക് സംസ്ഥാനത്തിന് ധനസഹായം നൽകാം. എന്നാൽ, ഒമ്പതു മാസത്തിനുള്ളിൽ കണക്കും, തുടർന്ന് മൂന്നുമാസത്തിനുള്ളിൽ വിനിയോഗ സർട്ടിഫിക്കറ്റും സമർപ്പിക്കണം. രണ്ട് ലക്ഷം രൂപയിൽ കൂടുതലുള്ള വിനിയോഗ സർട്ടിഫിക്കറ്റുകൾ ഏജീസ് ഓഫീസിൽ നൽകണം. 2017-18ൽ ലഭിക്കേണ്ടിയിരുന്ന വാർഷിക കണക്കുകൾ 12 സ്വയം ഭരണ സ്ഥാപനങ്ങൾ എ.ജിക്ക് നൽകിയില്ല. കൊല്ലം, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലെ ജില്ലാ നിയമ സേവന അതോറിട്ടികൾ നാലു വർഷമായി കണക്കു നൽകിയില്ല. അർദ്ധ വാണിജ്യസ്വഭാവമുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ തങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രൊഫോർമ കണക്കുകൾ സമർപ്പിക്കുന്നില്ല. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന ജലഗതാഗത വകുപ്പും ടെക്സ്റ്ര് ഓഫീസും ഇവയിൽപ്പെടും. ധനദുർവിനിയോഗങ്ങളിൽ വകുപ്പ് തല അന്വേഷണവും ക്രിമിനൽ കേസുകളും നടക്കുന്നത് 9 കേസുകളിലാണ്. 26 എണ്ണത്തിൽ വകുപ്പു തല അന്വേഷണം തുടങ്ങിയെങ്കിലും തീർപ്പായില്ല. വീണ്ടെടുക്കാനോ എഴുതിത്തള്ളാനോ ഉള്ള ഉത്തരവ് കാത്തിരിക്കുന്നത് 90 കേസുകളിലും കോടതിയിൽ തീർപ്പാക്കാനുള്ളത് 15 കേസുകളിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |