തിരുവനന്തപുരം: ട്രഷറി ഡയറക്ടർ എ.എം. ജാഫറിനെ താക്കീത് ചെയ്യാൻ ധനകാര്യ വകുപ്പ് തീരുമാനിച്ചു. വഞ്ചിയൂർ ട്രഷറി തട്ടിപ്പ് നടത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണിത്. ഇത് രണ്ടാം തവണയാണ് ജാഫറിനെ താക്കീത് ചെയ്യുന്നത്. എറണാകുളം ജില്ലാ ട്രഷറിയിലെ ജീവനക്കാരിയെ സ്ഥലംമാറ്രിക്കൊണ്ടുള്ള ഉത്തരവിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ആദ്യം താക്കീത് ചെയ്തത്. രണ്ടാമതും താക്കീത് ചെയ്തതോടെ ഇക്കാര്യം അദ്ദേഹത്തിന്റെ സർവീസ് ബുക്കിൽ രേഖപ്പെടുത്തും.
ചീഫ് കോർഡിനേറ്റർ രഘുനാഥൻ ഉണ്ണിത്താൻ, സ്റ്റേറ്റ് കോർഡിനേറ്റർ കെ. മോഹൻ പ്രകാശ്, വഞ്ചിയൂർ അഡീഷണൽ സബ്ട്രഷറിയിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എസ്.ജെ. രാജ്മോഹൻ എന്നിവർക്കും താക്കീത് നൽകും. ഇതിൽ നേരിട്ട് ഉത്തരവാദിത്തമില്ലെന്ന ഇവരുടെ വാദം തള്ളിയാണ് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
വിവരമറിഞ്ഞ ഉടൻ താൻ സർക്കാരിനെയും പൊലീസിനെയും അറിയിച്ചെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയില്ലെന്നുമായിരുന്നു കാരണം കാണിക്കൽ നോട്ടീസിന് ട്രഷറി ഡയറക്റ്റർ മറുപടി നൽകിയത്.
വഞ്ചിയൂരിൽ ഈ ക്രമക്കേട് നടക്കുന്നതിന് മാസങ്ങൾക്കുമുമ്പ് ട്രഷറി സോഫ്റ്റ്‌വെയറിലെ വീഴ്ച ചൂണ്ടിക്കാട്ടി കാസർഗോഡ് ജില്ലാ ഓഫീസർ ട്രഷറി ഡയറക്റ്റർക്ക് കത്തയച്ചെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ല. ട്രഷറി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം വേണമെന്ന പൊലീസിന്റെ ശുപാർശയും ധനകാര്യ വകുപ്പ് സ്വീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |