ന്യൂഡൽഹി: അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് മർദ്ദിച്ചെന്ന പരാതിയിൽ കേന്ദ്രസർക്കാർ കസ്റ്റംസിനോട് വിശദീകരണം തേടി. ചീഫ് സെക്രട്ടറിയുടെ പരാതിയിലാണ് കേന്ദ്രം വിശദീകരണം തേടിയത്. മർദ്ദിച്ചെന്നത് വ്യാജ ആരോപണമെന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത്. ചോദ്യം ചെയ്യൽ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. കസ്റ്റംസ് മറുപടി ഉടൻ കേന്ദ്രത്തിന് നൽകുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്‌ണനോട് കസ്റ്റംസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം അറിയിച്ചു. മൊഴിയെടുക്കുന്നതിനിടെ ഭീഷണിപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് ഹരികൃഷ്‌ണൻ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ടെന്നും, ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചോദ്യം ചെയ്യൽ കഴിഞ്ഞ് മടങ്ങി വന്ന ശേഷം ജനുവരി ഏഴിന് ഹരികൃഷ്‌ണൻ ചീഫ് സെക്രട്ടറിക്ക് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഹരികൃഷ്‌ണനോട് തീരെ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഹാജരായ അവസരത്തിൽ അദ്ദേഹത്തോട് ചില പ്രത്യേക രീതിയിൽ കാര്യങ്ങൾ പറയാൻ നിർബന്ധിക്കുകയും അതിനു തയ്യാറായില്ലെങ്കിൽ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഹരികൃഷ്‌ണനുണ്ടായ ദുരനുഭവങ്ങൾ വിവരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി 2021 ജനുവരി 11ന് കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഹരികൃഷ്‌ണനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പേരുവിവരവും കത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തിൽ നിഷ്‌പക്ഷവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനുചിതവും ക്രമരഹിതവുമായ പെരുമാറ്റം ഇനിയും ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നിയമവിരുദ്ധവും അപക്വവും മര്യാദയില്ലാത്തതുമായ പെരുമാറ്റം നമ്മുടെ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതിനായതിനാൽ ഇത്തരം നടപടികൾ ആവർത്തിക്കരുത് എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് നിർബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |