കൊച്ചി: സാധാരണക്കാരന്റെ നെഞ്ചിൽ ഇടിത്തീവീഴ്ത്തിക്കൊണ്ട് പെട്രോൾ, ഡീസൽ വിലകൾ കുതിച്ചുകയറുന്നു. ആറുമാസത്തിനിടെ പെട്രോളിന് മാത്രം 10രൂപയിലേറെയാണ് കൂടിയത്. ഈ മാസം ഇതുവരെ പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് കൂടിയത്. ഇക്കണക്കിന് പോവുകയാണെങ്കിൽ അധികം വൈകാതെ തന്നെ ഇന്ധനവില നൂറുകടന്നേക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക. കേന്ദ്രബഡ്ജറ്റിൽ ഇന്ധനത്തിന് കൊവിഡ് സെസ് ഏർപ്പെടുത്താൻ നീക്കമുണ്ടെന്നും റിപ്പോർട്ടുണ്ട്. പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ. ഇന്നലെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 25 പൈസ കൂടി 85.36 രൂപയും ഡീസലിന് 27 പൈസ കൂടി 79.51 രൂപയിലുമെത്തി.
അടിക്കടി വിലകൂടുന്നത് അവശ്യസാധനങ്ങളുടെ വിലവർദ്ധനവിനും ഇടയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡ് ഓയിലിന്റെ വിലയെയും ഡോളറിനെതിരെയുളള രൂപയുടെ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് സാധാരണ ഇന്ധന വില നിർണയിക്കുന്നത്. എന്നാൽ, ഇതെല്ലാം കാറ്റിൽപ്പറത്തി അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡോയിൽ വില വീപ്പയ്ക്ക് 52-53 ഡോളർ നിലവാരത്തിൽ നിൽക്കുമ്പോഴും രാജ്യത്ത് ഇന്ധന വില കൂടുകയാണ്.
ഇന്ധനവിലെ പിടിച്ചുനിറുത്താൻ കേന്ദ്രത്തിന്റെ ശക്തമായ ഇടപെടലുണ്ടാവണമെന്നാണ് സാധാരണക്കാരുടെ ആവശ്യം. കേന്ദ്ര ബജറ്റിൽ എക്‌സൈസ് തീരുവയിൽ കുറവ് വരുത്തുമെന്നാണ് അവരുടെ ആവശ്യം. അങ്ങനെ ചെയ്താൽത്തന്നെ വിലയിൽ ഗണ്യമായ കുറവുണ്ടാവും. വില ഉയരുന്നത് ഡീലർമാർക്കും തിരിച്ചടിയായി മാറിയിരിക്കുകയാണ്. പ്രവർത്തന മൂലധനം കൂടുന്നതാണ് ഡീലർമാർക്ക് തിരിച്ചടിയാവുന്നത്. കോവിഡ് പ്രതിസന്ധി ഉയർത്തി വെല്ലുവിളിക്കിടെയാണ് ഇത്.