തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കാൻ ഇനിയും അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2.67 കോടി പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1,37,79,263 സ്ത്രീ വോട്ടർമാരും 1,02,95,202 പുരുഷ വോട്ടർമാരുമാണുള്ളത്. ട്രാൻസ് ജൻഡർ വോട്ടർമാരുടെ എണ്ണം 221 ആണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 32,14,943 പേർ. ഇത്തവണ പുതുതായി വോട്ടുചെയ്യുന്നവര്‍ 2.99 ലക്ഷം പേരാണ്. പട്ടികയിൽ നിന്ന് ഒഴിവാക്കിയത് 1.56 ലക്ഷം വോട്ടർമാരെയാണ്.
ഒരു പോളിംഗ് സ്‌റ്റേഷനിൽ 1000 വോട്ടർമാരെ മാത്രമേ അനുവദിക്കൂ എന്നും ടിക്കാറാം മീണ പറഞ്ഞു. അതിനാൽ ഇത്തവണ 15,730 പോളിംഗ് സ്‌റ്റേഷനുകൾ കൂടി അധികമായി ഉണ്ടാവും. ഇതോടെ ആകെ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 40, 771 ആകും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് 10 ദിവസം മുമ്പുവരെ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |