വിതുര: രാത്രി മുതൽ നിർത്താതെയുള്ള ചിന്നംവിളി കേട്ട് അതിരാവിലെ തിരക്കിയിറങ്ങിയ നാട്ടുകാർക്ക് , വീണുകിടക്കുന്ന അമ്മആനയെ തട്ടിയുണർത്താൻ കണ്ണീരോടെ പരിശ്രമിക്കുന്ന പിടിയാനക്കുട്ടി സങ്കടക്കാഴ്ചയായി.
ചിന്നംവിളിച്ചും തുമ്പികൊണ്ടും മുൻകാലുകൾ കൊണ്ടും തട്ടിവിളിച്ചും അമ്മയെ ഉണർത്താൻ ശ്രമിച്ച ആനക്കുട്ടി ആരെയും അടുത്തേക്ക് ചെല്ലാൻ അനുവദിച്ചില്ല.
പാലോട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള കല്ലാർ ഇരുപത്തിയാറാം കല്ലിൽ
രാജേഷ് കുമാറിന്റെ പുരയിടത്തിലാണ് ഇന്നലെ രാവിലെ ആറു മണിയോടെ ഒമ്പത് വയസ് പ്രായമുള്ള പിടിയാനയെ ചരിഞ്ഞ നിലയിൽ നാട്ടുകാർ കണ്ടത്.ആറുമാസം പ്രായമുള്ള പിടിയാനക്കുട്ടിയായിരുന്നു കൂടെയുണ്ടായിരുന്നത്. രാത്രി പത്തു മണി മുതൽ നിറുത്താതെയുള്ള ചിന്നം വിളി കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
കാട്ടിലേക്കു മടങ്ങാൻ കൂട്ടാക്കാതിരുന്ന കുട്ടിയാനയെ ഉച്ചയ്ക്ക് ഒരു മണിയോടെ വടമിട്ട് കുരുക്കിലാക്കി മാറ്റിയശേഷമാണ് ആനയുടെ അടുത്തേക്ക് വനപാലകർക്ക് എത്താനായത്. അപ്പോഴേക്കും ആന ചരിഞ്ഞ് ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞുവെന്നാണ് സൂചന. അമ്മയെ നോക്കി ചിന്നം വിളിച്ച് അടുത്തെത്താൻ പരാക്രമം തുടർന്ന കുട്ടിയാനയെ, മയക്കു മരുന്നു കുത്തിവച്ച് കാട്ടാക്കട കോട്ടൂർ കാപ്പുകാട് ആനസങ്കേതത്തിലേക്ക് കൊണ്ടു പോയി. കണ്ടുനിന്നവരുടെയും കണ്ണുകൾ നനയിച്ച നിമിഷമായിരുന്നു അത്.
രാവിലെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഡി.എഫ്.ഒ പ്രദീപ്കുമാറും പാലോട് റേഞ്ച് ഒാഫീസർ അജിത് കുമാറും വിതുര ഇൻസ്പെക്ടർ എസ്.ശ്രീജിതും,എസ്.ഐ എസ്.എൽ.സുധീഷും സ്ഥലത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലായിരുന്നു കുട്ടിയാനയെ മാറ്റിയതും തുടർന്ന് പിടിയാനയുടെ പോസ്റ്റു മോർട്ടത്തിന് നടപടികൾ സ്വീകരിച്ചതും.വൈകിട്ട് വനത്തിനുള്ളിൽ സംസ്കരിച്ചു .മരണകാരണം വ്യക്തമല്ല.ആനയുടെ വയർ വീർത്തനിലയിലായിരുന്നു.
വിഷം ഉള്ളിൽ ചെന്നതോ,രോഗബാധയോ ആകാം മരണ കാരണമെന്ന് കരുതുന്നു.
കാട്ടാന നാട്ടിലിറങ്ങി ചരിയുന്നത് ഇതാദ്യമാണ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ രണ്ടാഴ്ചയായി കാട്ടാനകൾ നാട്ടിലിറങ്ങി ഭീതിയും,നാശവും വിതക്കാറുണ്ട്.രാത്രിയിൽ ആനയെ പേടിച്ച് ആരും പുറത്തിറങ്ങാറില്ല.
മുൻപ് വിതുര മേഖലയിലെ വനത്തിൽ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.വർഷങ്ങൾക്ക് മുൻപ് പേപ്പാറ വനത്തിൽ കോടകുടിക്കവേ, പടക്കം കടിച്ച് വായ തകർന്ന കാട്ടാന നാട്ടിൽ ഇറങ്ങി ഭീതി പരത്തിയിരുന്നു. വനപാലകർ മയക്കുവെടിവെച്ച് പിടികൂടി ചികിൽസ നൽകിയെങ്കിലും പിന്നീട് ചരിഞ്ഞു.
വിതുരയിൽ മൂന്നാമത്തെ കുട്ടിയാന
വിതുരയിൽ നിന്നു കാപ്പുകാട് ആനസങ്കേതത്തിലേക്ക് കൊണ്ടുപോകുന്ന മൂന്നാമത്തെ കുട്ടിയാനയാണിത്.മൂന്ന് വർഷം മുൻപ് പേപ്പാറ പൊടിയക്കാല വനമേഖലയിൽ എട്ട് വയസ് പ്രായമുള്ള പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.ഒപ്പം ഒരു കുട്ടികൊമ്പനുമുണ്ടായിരുന്നു. ചരിഞ്ഞ് മൂന്നാം ദിവസമാണ് അന്ന് ആനയെ കണ്ടെത്തിയത്. മൂന്നുദിവസവും നിലവിളിച്ചുകൊണ്ട് കുട്ടികുറുമ്പൻ അമ്മയ്ക്ക് കാവൽ നിന്നു. വനപാലകർ ഏറെ പണിപ്പെട്ട് കുട്ടികൊമ്പനെ കാപ്പുകാട് ആനസങ്കേതത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വർഷങ്ങൾക്ക് മുൻപ് കല്ലാർ വനത്തിലെ പാറയിടുക്കിലെ കുഴിയിൽ അകപ്പെട്ട കുട്ടികൊമ്പനെയും വനപാലകർ കാപ്പുകാട് ആനസങ്കേതത്തിൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |