നേതൃയോഗങ്ങൾ ഫെബ്രുവരി ആദ്യം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി, സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന നേതൃയോഗങ്ങൾ ഫെബ്രുവരി ആദ്യം ചേരും. ഈ മാസം 29 മുതൽ 31വരെ സി.പി.എം പി.ബി, കേന്ദ്രകമ്മിറ്റി യോഗങ്ങൾ ചേരുന്നതിന് പിന്നാലെ, ഫെബ്രുവരി രണ്ട് മുതൽ നാല് വരെസംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും. ഫെബ്രുവരി 10 മുതൽ മൂന്ന് ദിവസമായി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും ചേരും.
മന്ത്രിമാരിലും സിറ്റിംഗ് എം.എൽ.എമാരിലും ആരൊക്കെ മത്സരിക്കുമെന്നതിനെച്ചൊല്ലി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലുംസ ഇക്കാര്യത്തിൽ സി.പി.എം ആലോചനകളിലേക്ക് കടന്നിട്ടില്ല. അടുത്ത സംസ്ഥാന നേതൃയോഗങ്ങളിലും ഇക്കാര്യം ചർച്ചയാവില്ലെന്നാണ് സി.പി.എം വൃത്തങ്ങൾ സൂചിപ്പിച്ചത്. നാല് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൈക്കൊള്ളേണ്ട രാഷ്ട്രീയ അടവ് നയത്തിലടക്കം കേന്ദ്രകമ്മിറ്റി കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ റിപ്പോർട്ടിംഗാവും പ്രധാനമായും നടക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കാനും നീക്കമുണ്ട്. ഇതിന്റെ ഷെഡ്യൂൾ ഫെബ്രുവരി ആദ്യം ചേരുന്ന നേതൃയോഗത്തിലുണ്ടാകും.
സി.പി.ഐ നേതൃയോഗവും സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടക്കാനിടയില്ലെങ്കിലും സ്ഥാനാർത്ഥി മാനദണ്ഡത്തിൽ ഇളവ് വരുത്തുന്നതടക്കമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടന്നേക്കും. പാർട്ടി സംഘടനാതല സജ്ജീകരണം തന്നെയാവും മുഖ്യ അജൻഡ. ദേശീയ കൗൺസിൽ യോഗ തീരുമാനത്തിന്റെ റിപ്പോർട്ടിംഗുമുണ്ടാകും.
സി.പി.എമ്മിലും സി.പി.ഐയിലും ഏഴ് ടേമും, നാല് ടേമും പൂർത്തിയാക്കിയവരുമുൾപ്പെടെ മന്ത്രിമാരും എം.എൽ.എമാരുമായി ഇപ്പോഴുണ്ട്. ഇവരിൽ പലരും മത്സരത്തിൽ നിന്ന് പിന്മാറാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |