മുംബയ്: സംസ്ഥാനത്തെ എൻ സി പി പിളർപ്പിലേക്കെന്ന് വ്യക്തമായ സൂചന നൽകി മാണി സി.കാപ്പൻ ഇന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ കാണും. രാവിലെ പവാറിന്റെ വീട്ടിലാണ് കൂടിക്കാഴ്ച. കേരളത്തിലേക്ക് വരാനുള്ള തീരുമാനം ശരദ് പവാർ ഉപേക്ഷിച്ച സാഹചര്യത്തിൽ ഇപ്പോഴത്തെ കൂടിക്കാഴ്ച നിർണായകമാണ്.
പാലായിൽ ജോസ് കെ മാണി തന്നെ എൽ ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ മുന്നണി വിടണമെന്ന നിലപാടായിരിക്കും മാണി സി.കാപ്പൻ ചർച്ചയിൽ പ്രധാനമായും ഉന്നയിക്കുക. മുന്നണി വിടാനുളള തീരുമാനം ഇനിയും വൈകരുതെന്ന് കാട്ടി നേരത്തേ ടി പി പിതാംബരൻ പവാറിന് കത്ത് എഴുതിയിരുന്നു. പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയുമായി അഭിപ്രായ വ്യത്യാസം കടുത്തതോടെ മുന്നണി മാറ്റകാര്യത്തിൽ ഇനിയും തീരുമാനം വൈകിക്കാനാകില്ലെന്ന നിലപാടിലാണ് മാണി സി കാപ്പൻ.
പാലായ്ക്ക് പകരം കുട്ടനാട് എന്ന അനുനയ ഫോർമുല എകെ ശശീന്ദ്രൻ പക്ഷം മുന്നോട്ട് വച്ചിരുന്നു. എന്നാൽ പാലാ വിട്ട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പൻ. ഇക്കാര്യം വ്യക്തമായി പറയുകയും ചെയ്തു. ഇതിനിടെ ശശീന്ദ്രൻ പക്ഷം തിരുവനന്തപുരത്ത് യോഗം ചേർന്നതോടെ എ കെ ശശീന്ദ്രനെതിരെ മാണി സി കാപ്പൻ വിഭാഗം ദേശീയ നേതൃത്വത്തിന് പരാതി നൽകി. ശശീന്ദ്രനെതിരെ പാർട്ടി നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇക്കാര്യത്തിൽ പാർട്ടി എന്തുതീരുമാനമെടുക്കുമെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |