തിരുവനന്തപുരം : ഷാർജയിലെ ഐ.ടി കമ്പനിയിൽ ജോലിക്കായുള്ള അഭിമുഖത്തിനെത്തിയ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സരേഷ് പ്രതിമാസം ശമ്പളമായി ആവശ്യപ്പെട്ടത് ആറ് ലക്ഷം രൂപ. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണ് ഈ കമ്പനിയിലേക്ക് സ്വപ്നയെ ശുപാർശ ചെയ്തത്. മസ്‌കറ്റിലുള്ള കോളേജിന്റെ എം.ഡിയായ പൊന്നാനി സ്വദേശി ലഫീർ മുഹമ്മദാണ് അന്വേഷണ ഏജൻസികൾക്ക് ഈ വിവരം നൽകിയത്. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം സ്വപ്നയ്ക്കു ജോലി നൽകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ലഫീറിന്റെ മൊഴി രേഖപ്പെടുത്തിയത്. സ്വപ്നയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കിയതോടെ അവർ മടങ്ങുകയായിരുന്നു. ലഫീറിന്റെ സുഹൃത്തായ ഒമാൻ സ്വദേശി ഖാലിദ് എന്നയാൾ ഷാർജയിൽ നടത്തുന്ന ഐ.ടി. സ്ഥാപനത്തിലാൽ 2018ലാണ് സ്വപ്ന അഭിമുഖത്തിന് എത്തിയത്.
അഭിമുഖത്തിൽ പങ്കെടുക്കാൻ സ്വപ്ന കോളേജിൽ എത്തിയ ദിവസം ശിവശങ്കറും അവിടെ എത്തിയിരുന്നു. തന്റെ കോളേജിലെ ഡീനായ ഡോ. കിരൺ രാധാകൃഷ്ണനാണ് ശിവശങ്കറെ തനിക്കു പരിചയപ്പെടുത്തിയതെന്ന് ലഫീർ മുഹമ്മദ് മൊഴി നൽകി. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ തന്റെ സ്ഥാപനത്തിൽ സ്വപ്നയെ ജോലിക്കെടുക്കാൻ കഴിയുമായിരുന്നില്ലെന്നും ലഫീർ പറഞ്ഞു.
കേരളത്തിൽ നിക്ഷേപം നടത്തുന്നത് വേണ്ടത്ര ലാഭകരമല്ലെന്ന് മനസിലാക്കിയാണ് ഗൾഫിൽ പണം മുടക്കാൻ തീരുമാനിച്ചത്. നിലവിൽ കേരളത്തിൽ ഒരു ആശുപത്രിയുടെ ട്രസ്റ്റിയാണ്. മസ്‌കറ്റിലെ കോളജിൽ മൂന്നിലൊന്നു മുതൽ മുടക്കാണ് തനിക്കുള്ളത്. ആ രാജ്യത്തെ നിയമമനുസരിച്ചു ബാക്കി മൂന്നിലൊന്നു വീതം പ്രതിരോധ വകുപ്പും സർക്കാരുമാണു മുതൽമുടക്ക്. രാജ്യത്തു വിദേശനിക്ഷേപം പരിധിവിടുന്നതു തടയാനാണ് ഈ നിയമമുള്ളത്. മസ്‌കറ്റിൽ കോളേജ് തുടങ്ങുന്നതിന് മുമ്പ് റിയൽഎസ്‌റ്റേറ്റ് ബിസിനസ് ആയിരുന്നുവെന്നും ലഫീറിന്റെ മൊഴിയിൽ പറയുന്നു. ആ നിലയ്ക്കുള്ള ബന്ധങ്ങൾ ഉണ്ട്. യു.കെയിൽ ബിസിനസ് മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കി ഇപ്പോൾ പി.എച്ച്.ഡി. ചെയ്യുകയാണെന്നും ഗവേഷണം തീരാറായതായും ലഫീർ മൊഴി നൽകിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |