തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പും സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന യാത്രയും പ്രധാന അജൻഡകളാകുന്ന ബി.ജെ.പി സംസ്ഥാന സമിതി യോഗം 29ന് തൃശൂരിൽ നടക്കും. രാവിലെ സംസ്ഥാന ഭാരവാഹികളുടെ യോഗവും ,തുടർന്ന് സംസ്ഥാന സമിതിയും ചേരും. അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ സന്ദർശനവും ചർച്ച ചെയ്യും.
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രനെ പാർട്ടിയിൽ സജീവമാക്കാൻ ഇടപെടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടേക്കും. കർഷക നിയമത്തിൽ മുതിർന്ന നേതാവ് ഒ. രാജഗോപാൽ നിയമസഭയിൽ സ്വീകരിച്ച നിലപാടും ചർച്ചാവിഷയമാകുമെന്ന് സൂചനയുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ താഴെത്തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായം തേടുന്ന നടപടികൾക്കും തീരുമാനമാവും.
കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായ ശേഷം ആദ്യമായാണ് വിപുലമായ യോഗം ചേരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഭാരവാഹികളുടെ യോഗവും കോർകമ്മിറ്റിയും മാത്രമാണ് ചേർന്നിരുന്നത്. പാർട്ടി ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, മേഖലാ ഭാരവാഹികൾ, സംസ്ഥാന സമിതി അംഗങ്ങൾ, മോർച്ച ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കേരളത്തിന്റെ ചുമതലയുള്ള സി.പി. രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ തൃശൂർ ശ്രീശങ്കര ഹാളിലാണ് യോഗം. കേന്ദ്രമന്ത്രി വി.മുരളീധരനും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |