തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ മേജർ രവിയുടെ രാഷ്ട്രീയ ചുവടുമാറ്റത്തിൽ പ്രതികരണവുമായി ബി.ജെ.പി. വക്താവ് സന്ദീപ് വാര്യർ. മേജർ രവിയെ വ്യക്തിപരമായി അധിക്ഷേപിച്ചവർക്കൊപ്പം ചേർന്ന് അദ്ദേഹം പ്രവർത്തിക്കുന്നതിനെ സന്ദീപ് വാര്യർ പരിഹസിച്ചു. മേജർ രവി ബി.ജെ.പി. അംഗമായിരുന്നില്ലെന്നും ഒരു വിമുക്ത ഭടൻ എന്ന നിലയിൽ മാത്രമാണ് പാർട്ടി അദ്ദേഹത്തെ പരിഗണിച്ചിരുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ചർച്ചയായതിനു പിന്നാലെയാണ് മേജർ രവിക്കെതിരെ സന്ദീപ് വാര്യർ രംഗത്തെത്തിയത്.
സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി മേജർ രവി നേരത്തേ രംഗത്തെത്തിയിരുന്നു. തൊണ്ണൂറുശതമാനം ബി.ജെ.പി. നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കുമെന്നുമായിരുന്നു മേജർ രവിയുടെ വിമർശനം.
കാലങ്ങളായി ബി.ജെ.പിക്കൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്ന മേജർ രവിയുടെ പാർട്ടിമാറ്റം വലിയ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. ഐശ്വര്യ കേരള യാത്രാ വേദിയിൽ മുഖ്യാതിഥിയായെത്തിയ മേജർ രവിയെ രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉൾപ്പെടെയുള്ളവരാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ആലുവയിൽ വെച്ച് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജർ രവി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ മുല്ലപ്പള്ളി തന്നെ സമൂഹികമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |