അബുദാബി: കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സിൽ യു.എ.യുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക് ) നിക്ഷേപിക്കാൻ സാധ്യത. അബുദാബിയിലെ അഡ്‌നോക് ആസ്ഥാനത്ത് വച്ച് സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ.സുൽത്താൻ അഹ്‌മദ് അൽ ജാബറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് സന്നദ്ധത അറിയിച്ചത്. ഇതിനായി ജോയിൻറ് ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും ധാരണയായി.
നിക്ഷേപസാധ്യതകളെക്കുറിച്ച് സമിതി പഠനം നടത്തും. ഇതിനുശേഷം ഡോ.സുൽത്താൻ അഹ്‌മദ് അൽ ജാബറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി തുടർനടപടികൾ സ്വീകരിക്കും. പെട്രോളിയം മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യ തങ്ങളുടെ പ്രഥമ പരിഗണനയിലാണ് . ഏറെ സാധ്യതകളാണ് ഈ രംഗത്ത് ഇന്ത്യയിലുള്ളതെന്നും സുൽത്താൻ ജാബർ പറഞ്ഞു.
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിക്ഷേപം നടത്താൻ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിക്ഷേപത്തിനനുകൂലമായ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്ത് നിലവിലുള്ളത് . പെട്രോളിയം മേഖലയിലെ വികസനത്തിനാവശ്യമായ സ്ഥലസൗകര്യം കൊച്ചിയിൽ ഇതിനകം ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി, യൂസഫ് അലി എം.എ , അഡ്നോക് ആക്ടിംഗ് സി.ഇ.ഒ മുഹമ്മദ് അൽ അർയാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |