ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത് പലപ്പോഴും ഒരു രചയിതാവിന് ഏറ്റവും പ്രിയമാർന്നൊരു കൃതി ആയിരിക്കണമെന്നില്ലെന്നാണ് മികച്ച കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വി. എം. ഗിരിജയുടെ അഭിപ്രായം. കൊറോണയെത്തും മുൻപെ അക്കാദമി പ്രഖ്യാപിച്ച അവാർഡുകളിൽ ഏറ്റവും പെരുമയുള്ളതെന്നു വിലയിരുത്തപ്പെടുന്ന കവിതാപുരസ്കാരം ഗിരിജയുടെ 'ബുദ്ധപൂർണിമ" എന്ന സമാഹാരമാണ് നേടിയത്.
''മികച്ച കവിതയ്ക്കുള്ള പുരസ്കാരം ബുദ്ധപൂർണിമയ്ക്ക് ലഭിച്ചതിനാൽ, അതാണ് എന്റെ മികച്ച പുസ്തകമെന്ന് ഞാൻ കരുതുന്നില്ല. ഡോ. എം. ലീലാവതി അവതാരികയെഴുതിയ മൂന്നു ദീർഘ കവിതകൾ എന്ന കവിതാ സമാഹാരമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ആ പുസ്തകത്തിലെ ഒരു ഇന്ത്യൻ എത്യോപ്യൻ നാടോടിക്കഥ, മൂന്നു സന്യാസിമാർ, ഉറങ്ങുന്ന സുന്ദരി എന്നിവ ബുദ്ധപൂർണിമയിലുള്ള 38 കവിതകളേക്കാൾ വ്യക്തിപരമായി ഞാൻ ഇഷ്ടപ്പെടുന്നു, ഗിരിജ വെട്ടിത്തുറന്നു പറയുന്നു. ആറ്റൂർ രവിവർമ്മയുടെ പുതുമൊഴിവഴികൾ നമുക്കു പരിചയപ്പെടുത്തിയ മലയാള കാവ്യഭൂമികയിലെ മൃദു സാന്നിദ്ധ്യമാണ് ഈ കവയത്രി!
പുരസ്കാര നിറവിൽ തിളങ്ങിയ പുസ്തകങ്ങളുടെ വിപുലമായ വായനയെ അവാർഡ് പ്രഖ്യാപനത്തോട് ചേർന്നെത്തിയ കൊവിഡ് മഹാമാരിയും അടച്ചുപൂട്ടലും സാരമായി ബാധിച്ചെങ്കിലും, അനുവാചകർ 'ബുദ്ധപൂർണിമ"നെഞ്ചോടു ചേർത്തുപിടിച്ചതിൽ കവയത്രി സന്തുഷ്ടയാണ്. അഭിമുഖത്തിൽനിന്ന്:
ബുദ്ധപൂർണിമ
പുരസ്കാരലബ്ധിക്കു കാരണമായ സമാഹാരത്തിലെ ഏറ്റവും സാർവ്വലൗകിക സന്ദേശമുള്ള കാവ്യം 'ബുദ്ധപൂർണ്ണിമ" തന്നെയാണ്. ലോകത്തെ വിവിധ ഭാഷകളിലെ സാഹിത്യ സൃഷ്ടികളിൽ ബുദ്ധന്റെ ജീവിതം പ്രമേയമായി വന്നിട്ടുണ്ട്. കുമാരനാശാന്റെ 'ശ്രീബുദ്ധചരിതം"മലയാളത്തിലും ഏറെ വായിക്കപ്പെട്ടു. പത്നിയെയും മകനെയും ഉപേക്ഷിച്ച് ജ്ഞാനം തേടിപ്പോയ ബുദ്ധന്റെ ജീവിതമാണ് എന്റെ ഈ കവിതയിലും വിഷയം.
ദീർഘദീർഘമേ പിന്നെ രാത്രികൾ,
ഇരുൾ നിലാവോർക്കാതെ കുടിക്കുമ്പോൾ,
ചുണ്ടുകൾ വിഷനീലം.
വിശപ്പും മുള്ളും ശീതകാലവുമത്യുഷ്ണവും...
ഒടുക്കമെത്തും സത്യത്തിങ്കൽ നീയിവ താണ്ടി.
എനിക്കോ തങ്കത്തളിർ വിരലാൽ മകൻ നീട്ടും
ഇനിപ്പുള്ളതാം സ്പർശചഷകങ്ങളേ ഗതി.
ഉണ്ണാതെ തണുക്കുന്ന പൊൻതളികകൾ,
മഷിയില്ലാത്ത നീൾക്കണ്ണുകൾ,
നരയ്ക്കും ചിതർമുടി...
തണുത്ത മുറികളിൽ ആളില്ലാകിടക്കയിലിരിക്കാൻ
പറ്റാതെത്തും ഗ്രന്ഥഗേഹമേ സ്നേഹം.
ജനിക്കുന്നതേ മൃത്യുവോടൊത്ത്, ദുഃഖക്കയ്യിൽ പിടിച്ച്,
സ്ത്രീകൾക്കെന്നും പിരിയാത്തവൾ ദുഃഖം...
യശോധര എന്ന സ്ത്രീ
ബുദ്ധൻ പ്രപഞ്ച സത്യങ്ങൾ അന്വേഷിച്ചലയുമ്പോൾ, പൂർണ്ണിമ തേടുമ്പോൾ, പത്നി യശോധര ലൗകികമായ മനുഷ്യജീവിതത്തിലെ ശോകങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു. ഉണ്ണാതെ, ഉറങ്ങാതെ, ജീവിതം മുഴുവൻ കാത്തിരിക്കാൻ വിധിക്കപ്പെട്ടവൾ. മൃതി, ദുഃഖം, നശ്വര പ്രപഞ്ചത്തിൻ വിധി! പുത്രൻ രാഹുലൻ മാത്രം അവളുടെ കൂടെ. ഗർഭം ധരിച്ചും പ്രസവിച്ചും, പ്രപഞ്ചത്തെ പകർന്നാടിടുന്ന സ്ത്രീയുടെ സത്യൗഷധം സ്നേഹം ഒന്നുമാത്രമാണ്! ശാക്യ രാജകുമാരിയായിരുന്ന യശോധരയിലൂടെ ഒരു സാധാരണ സ്ത്രീയുടെ ജന്മ ദുഃഖമാണ് 'ബുദ്ധപൂർണിമ'യിൽ ഞാൻ കണ്ടെത്താൻ ശ്രമിക്കുന്നത്. സ്ത്രീത്വത്തിന്റെ അർത്ഥം അന്വേഷിച്ചുള്ള ഒരു യാത്ര.
സ്ത്രീയുടെ അത്ഭുത പ്രവൃത്തികൾ
ഇത് ഗദ്യരൂപത്തിലെഴുതിയ കവിതയാണ്. ഞാൻ സാധാരണ സ്വീകരിക്കാറുള്ള വിഷയങ്ങളിൽനിന്ന് വിഭിന്നമാണിത്. അൽപം സറ്റയർ ചേർത്തുള്ള വിഭാവനം. 'എന്തെന്ത് അത്ഭുതങ്ങൾ സ്ത്രീകൾക്കു മാത്രം കഴിയുന്നത്..."എന്നു തുടങ്ങുന്നു വരികൾ. സമാഹാരത്തിലെ അവസാനത്തെ കവിതയാണിത്. ചായ വെയ്ക്കുമ്പോൾ പൊടി, പാൽ, പഞ്ചസാര കിറുകൃത്യം! സ്ത്രീകളുണ്ടാക്കുന്ന തരത്തിലുള്ള അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പുരുഷവർഗത്തിനേ കഴിവില്ല!
ഇത്തിരി സ്ത്രീവാദം
പട്ടാമ്പി സംസ്കൃത കോളേജിൽനിന്ന് 1983ൽ ഞാൻ എം.എ (മലയാളം) പാസായി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ എഴുതിയിരുന്നു. എന്റെ മലയാളം പ്രൊഫസറായിരുന്നു സാറാ ജോസഫ്. ഫെമിനിസം എന്ന ഒരാശയ പദ്ധതിയോട് ഞാൻ അടുത്തു. പിന്നീടെനിക്ക് പഴയ ആളായി ജീവിക്കാൻ കഴിഞ്ഞില്ല. ഗാന്ധിസമായാലും, മാർക്സിസമായാലും നമ്മളത് അറിഞ്ഞു തുടങ്ങുമ്പോൾ ചിന്താഗതികൾ പുതുക്കലിനു വിധേയമാക്കേണ്ടിവരും. പഴയ രൂപം ഉപേക്ഷിച്ച് പുതിയ സത്തയിലേക്ക് മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നവളാണ് എന്നും സ്ത്രീ. കുട്ടിക്കാലത്ത് ശ്വാസംമുട്ടൽ ഉണ്ടായിരുന്ന എന്നെ തോളിലിട്ട് സ്കൂളിൽനിന്ന് വീടുവരെ നടന്ന സമൂഹത്തിന്റെ അടിത്തട്ടിൽ കഴിഞ്ഞിരുന്ന കല്യാണിയും, പിന്നെ അക്കാലങ്ങളിൽ വീട്ടിലെത്താറുണ്ടായിരുന്ന സാധാരണക്കാരികളായ ഭാർഗവിയും മറ്റും പ്രതിബദ്ധ സ്ത്രീവാദത്തിൽ എന്റെ ലളിത ഭാവുകത്വങ്ങളായി മാറുകയായിരുന്നു.
സ്ത്രീയും, പ്രകൃതിയും, പ്രണയവും
പ്രകൃതിയുടെ രൂപഭാവങ്ങളിൽ ഞാൻ സ്ത്രീമനസ് കാണുന്നു. ഋതു മാറ്റങ്ങൾ പ്രകടമായിത്തന്നെ പ്രകൃതിയിലറിയാം. പക്ഷെ, ചെടികളും മരങ്ങളും പ്രദർശിപ്പിക്കുന്ന രൂപാന്തരങ്ങൾ ഉള്ളിലേക്കാവാഹിക്കുന്നത് സ്ത്രീ മാത്രമാണ്. പ്രകൃതിയുടെ ആർദ്രഹൃദയം പെണ്ണിനുള്ളതുകൊണ്ടാണ് ഇത് സാദ്ധ്യമാകുന്നത്.
തുറക്കപ്പെടാത്ത വാതിലിനു മുമ്പിൽ നിസഹായയായി നിലകൊള്ളാനാണ് പ്രകൃതിയുടെ വിധി. അതുതന്നെയാണ് സ്ത്രീയുടെയും അവസ്ഥ. അവഗണനകളുടെയും, വൈകാരികതയുടെയും, പ്രണയത്തിന്റെയും ക്ഷോഭങ്ങൾ അവൾ ഉള്ളിലൊതുക്കുന്നു. ഇവിടെ പെണ്ണും പ്രകൃതിയും രണ്ടല്ലെന്ന് വ്യക്തമാകുകയും ചെയ്യുന്നു. പ്രകൃതിയുടെ വേഷപ്പകർച്ചകളിലൂടെ പ്രണയത്തിന്റെ വിവിധ ഘട്ടങ്ങളെ ദർശിക്കാം. പ്രകൃതിയും സ്ത്രീയും തമ്മിൽ നിലനിൽക്കുന്ന പാരസ്പര്യത്തിൽ നിന്ന് ഉടലെടുക്കുന്നതാണ് ഈ ചിന്താധാര. പ്രണയം ഒരാൽബം, ജീവജലം, പാവയൂണ്, പെണ്ണുങ്ങൾ കാണാത്ത പാതിരാനേരങ്ങൾ മുതലായ സമാഹാരങ്ങളിലെ പലപല കവിതകൾ ഈ ആർജ്ജവത്തിന് സാക്ഷ്യമാണ്.
ആരായാൻ ശ്രമിക്കുന്നത് ജീവന്റെ വികാസമാണ്. ഒരു പൂവിൽനിന്ന് ഒരു ഫലം ഉണ്ടാകുന്നതു മുതൽ ഒരു സ്ത്രീയുടെ സൃഷ്ടിപരത വരെയുള്ള സങ്കീർണ്ണമായ രഹസ്യങ്ങൾ!
പുതിയ പ്രവണതകൾ
എക്കാലത്തുമുണ്ട്
കവിതയിലെ പുതിയ പ്രവണതകളെ ഞാൻ ഗൗരവമായി കാണുന്നില്ല. വേറിട്ട രചനാ രീതികളും ശൈലികളും കവിതയിൽ ഇന്നുമാത്രമല്ല ഉണ്ടായിട്ടുള്ളത്. അതുവരെ നിലനിന്നിരുന്ന ചട്ടങ്ങളൊന്നും പുതിയ രചനയിൽ പാലിക്കുന്നില്ലയെന്ന വിമർശനങ്ങൾ പല ഘട്ടങ്ങളിലും ഉയർന്നുവന്നിട്ടുമുണ്ട്. കവികളെ പരിഹസിക്കുന്ന പുസ്തകം പോലും എഴുതപ്പെട്ടിട്ടില്ലേ? ശ്ലോകത്തിലെഴുതിയാലും വൃത്തത്തിലെഴുതിയാലും പൊട്ടക്കവിതകളുണ്ടാകാം. കെ. ജി. ശങ്കരപ്പിള്ളയും, പി. എൻ. ഗോപീകൃഷ്ണനും വൃത്തം പാലിച്ച് എഴുതിയതുകൊണ്ടല്ലല്ലോ അവരുടെ സൃഷ്ടികൾ മികച്ച കവിതകളായത്!
മുന്നെ നമുക്കറിയാതിരുന്ന ഇടയ വിലാപകാവ്യം (Pastoral elegy) എന്ന പ്രത്യേക രീതി ചങ്ങമ്പുഴ സ്വീകരിച്ചപ്പോൾ, സമകാലീനനും പ്രശസ്ത സാഹിത്യകാരനായിരുന്ന സഞ്ജയനും അതുപോലെ അക്കാലത്തു ജീവിച്ചിരുന്ന മറ്റു പലരും നിശിതമായി വിമർശിച്ചിരുന്നു. അതേ സമയത്ത്, ചങ്ങമ്പുഴയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കവിത എഴുതിയിരുന്ന രണ്ടായിരത്തിൽപരം കവികൾ ഇടപ്പള്ളിയിൽ തന്നെ ഉണ്ടായിരുന്നുവെന്നാണ് അറിവ്. നല്ല വരികളും ചീത്ത വരികളും ധാരാളം കവികളും എല്ലാകാലത്തും ഉണ്ടായിരുന്നു. എല്ലാ കവികളെയും എല്ലാവരും അറിയുന്നില്ല, എല്ലാ കവിതകളും എല്ലാവരും വായിക്കുന്നുമില്ല.
മഹാകവിത്രയങ്ങളിൽ ഏറ്റവുമധികം നിലനിൽക്കുന്നത് ആശാന്റെ രചനകളാണ്. അവർ ജീവിച്ചിരുന്ന കാലത്ത് ഏറ്റവും പ്രശസ്തി ഉണ്ടായിരുന്നത് വള്ളത്തോളിനും ഉള്ളൂരിനുമായിരുന്നു. എന്നാൽ, ഉള്ളൂരിന്റെ മഹാകാവ്യമായ 'ഉമാകേരള"മോ, വള്ളത്തോളിന്റെ 'സാഹിത്യ മഞ്ജരി"യോ ഇന്ന് ആരെങ്കിലും വായിച്ചെത്തിക്കുന്നോണ്ടോ എന്നുതന്നെ സംശയമാണ്. വായനാ രീതികളും രചനാ രീതികളും പുതുക്കലിനു വിധേയമായിക്കൊണ്ടേയിരിക്കുന്നു.
ചിന്തകളാണ് കവിതയ്ക്കാധാരം
എന്തിനാണ് കവിത എഴുതുന്നതെന്ന ചോദ്യവും അതിനുള്ള ഉത്തരവും പണ്ടു മുതലേ നിലവിലുണ്ട്. എഴുത്തു തുടങ്ങുന്നത് ചിലപ്പോൾ ആരെയെങ്കിലും അനുകരിച്ചോ, പ്രശസ്തിക്കുവേണ്ടിയോ ആകാം. പക്ഷെ, ഇതു കൊണ്ടുമാത്രം പിടിച്ചുനിൽക്കാൻ കഴിയില്ല. സമയാസമയങ്ങളിൽ മനസിൽ പൊന്തിവരുന്ന നൈസർഗികമായ ചിന്തകളാണ് കവിതയ്ക്കാധാരം. ആദ്യം രണ്ടു വരി എഴുതും. ചിന്തകളെക്കൊണ്ട് മനസ് നിറയുമ്പോൾ തുടർന്നും എഴുതും. അങ്ങനെ അതൊരു കവിതയായി മാറുന്നു. ചിന്തിക്കുന്നവരുടെയും പ്രതികരിക്കുന്നവരുടെയും പ്രതീകമാണ് കവിത. കവിത ഗൗരവമായി വായിക്കപ്പെടണമെന്നുള്ളതാണ് അതിപ്രധാനമായ കാര്യം. കവി ഉദ്ദേശിച്ച അർത്ഥമല്ല കവിതക്കു മുഖ്യം, മറിച്ച്, വായനക്കാർ അതിന് കണ്ടെത്തുന്ന പുതിയ, പുതിയ അർത്ഥതലങ്ങളാണ്. യഥാർത്ഥത്തിൽ, കവിത കവിതയാകുന്നത് അപ്പോഴാണ്!
കവിതയുടെ മാന്ത്രികത നഷ്ടപ്പെടില്ല
ഏത് സാഹചര്യത്തിലാണ് മലയാള കവിതയുടെ മാന്ത്രികത നഷ്ടപ്പെട്ടൂവെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ പ്രസ്താവന ഞാൻ കേട്ടിട്ടുമില്ല. കവിതയുടെ മാന്ത്രികത എന്നത് ഒരിക്കലും നഷ്ടപ്പെടാൻ ഇടയുള്ള ഒരു സംഗതിയല്ല. പ്രാചീന കവികളായ വാത്മീകിയുടെയൊ വ്യസന്റെയൊ അല്ലെങ്കിൽ എലിയറ്റിന്റെയൊ കവിതകൾ ഇന്ന് വായിക്കുമ്പോൾ പോലും, അതിനകത്താകുമ്പോൾ, ആ മാന്ത്രികവലയത്തിൽതന്നെയാണ് വായനക്കാരൻ എന്നാണ് എന്റെ വിനീതമായ അഭിപ്രായം.
സോഷ്യൽ മീഡിയയുടെ സ്വാധീനം
നവമാദ്ധ്യമങ്ങൾ വന്നതോടെ സ്വന്തമായി ആവിഷ്കാരം നടത്താനും പ്രസിദ്ധീക്കാനും ആരെയും ആശ്രയിക്കേണ്ടെന്നായി എന്നത് ശരിയാണ്. എന്നാൽ, സോഷ്യൽ മീഡിയ കവിതയുടെ നിലവാരത്തകർച്ചക്ക് കാരണമായെന്ന് കണ്ടെത്തുന്നതിനേക്കാൾ നല്ലത്, എല്ലാവരും എഴുതിക്കോട്ടെ, പ്രസിദ്ധീകരിച്ചോട്ടെ, നല്ലതു മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂവെന്ന് മനസിലാക്കുന്നതാണ്. നല്ല കവികളായാലും ചീത്ത കവികളായാലും എഴുതപ്പെടട്ടെ. സൃഷ്ടിയുടെ നിലവാരം കാലം വിലയിരുത്തിക്കൊള്ളും.അച്ചടിവിദ്യ തുടങ്ങിയപ്പോഴും ഇത്തരത്തിലുള്ള നിരീക്ഷണങ്ങളുണ്ടായിരുന്നു. ഇനി എല്ലാവർക്കും എന്തുവേണമെങ്കിലും പ്രസിദ്ധീകരിക്കാം എന്നു പറഞ്ഞു കളിയാക്കിയിരുന്നു. പ്രസിദ്ധീകരിക്കുന്നതിലല്ല കാര്യം, വായിക്കപ്പെടുന്നതിലാണ്! വായിക്കപ്പെടണമെങ്കിൽ കവിക്ക് ദൃഷ്ടിയും, വികാരവും, ദർശനവും അത്യാവശ്യമാണ്. അൻവർ അലിയും ബാലചന്ദ്രൻ ചുള്ളിക്കാടും കടമ്മനിട്ടയും ജനഹൃദയങ്ങളിലേക്ക് പ്രവേശിക്കാനുള്ള കാരണം എന്തെന്നാണ് സൈബർ പ്ലാറ്റുഫോമിൽ സജീവമായിരിക്കുന്നവർ ചിന്തിക്കേണ്ടത്!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |