തിരുവനന്തപുരം:സർക്കാരിനെ വെട്ടിലാക്കിയ ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലെ കൂടുതൽ രേഖകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. അമേരിക്കൻ കമ്പനിയായ ഇ എം സി സി സർക്കാരുമായി ഒപ്പിട്ട ധാരണാ പത്രവും കമ്പനിക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകളുമാണ് ഇന്ന് അദ്ദേഹം പുറത്തുവിട്ടത്. ധാരാണ പത്രം റദ്ദാക്കാൻ സർക്കാരിനെ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് ഫിഷറീസ് നയത്തിന് വിരുദ്ധമെങ്കിൽ എന്തിനാണ് എം ഒ യു ഒപ്പിട്ടതെന്നും ചോദിച്ചു. ഇ എം സി സി പ്രതിധികൾ മുഖ്യമന്ത്രിയെ കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്കിൽ വച്ചാണ് ഫിഷറീസ് കമ്പനിപ്രതിനിധികൾ കണ്ടതെന്നും കമ്പനി രേഖകൾ തന്നെ അതിന് തെളിവെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നടക്കില്ലെന്ന് പറഞ്ഞ് മേഴ്‌സികുട്ടി അമ്മ ഓടിച്ചുവിട്ട കമ്പനിയെ ഓടിച്ചെന്ന് ജയരാജൻ പിടിച്ചുകൊണ്ടുവന്ന് പദ്ധതി നടപ്പാക്കാൻ സ്ഥലം കൊടുത്തു. മുഖ്യമന്ത്രിയുടെ വകുപ്പ് യാനങ്ങൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പിട്ടതായും ചെന്നിത്തല പറഞ്ഞു. ആരോപണങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് മന്ത്രിയിൽ നിന്നുൾപ്പടെ ലഭിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
അമേരിക്കൻ കമ്പനിയുമായി ധാരണാപത്രം ഉണ്ടായതിൽ ഗുരുതര വീഴ്ച്ച ഉണ്ടായെന്ന ആരോപണം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. ഇ എം സി സി എം ഡിയുമായി മന്ത്രി ചർച്ച നടത്തുന്ന ഫോട്ടോ ചെന്നിത്തല ഇന്നലെ പുറത്തുവിട്ടിരുന്നു. കള്ളി വെളിച്ചത്തായപ്പോൾ മന്ത്രി ഉരുണ്ടു കളിക്കുകയാണെന്നായിരുന്നു അദ്ദേഹം ഇന്നലെ ആരോപിച്ചത്.
ഫിഷറീസ് നയത്തിൽ നിന്ന് ഒരിഞ്ച് വ്യതിചലനം പോലും ഉണ്ടാകില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി വൈകി ഫേസ്‌ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എല്ലാത്തരത്തിലും സർക്കാർ നയത്തിന് വിരുദ്ധമായ ധാരണാപത്രം എങ്ങനെ ഉണ്ടായെന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം അയ്യായിരം കോടിയുടെ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് വിവാദ കമ്പനി പ്രതികരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |