കാസർകോട്: അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പുതിയ കേരളത്തിനായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര വടക്കൻ കേരളത്തിലെ ബഹുഭാഷ സംഗമ ഭൂമിയിൽ നിന്ന് പ്രയാണം തുടങ്ങി.
ഉച്ചയ്ക്കു മുമ്പ് തന്നെ നിറഞ്ഞു കവിഞ്ഞ കാസർകോട് താളിപ്പടുപ്പ് മൈതാനിയിലെ ജനസഞ്ചയത്തെ സാക്ഷി നിറുത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ബി.ജെ.പി പതാക കൈമാറി വിജയ യാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം യാത്രയുടെ നായകൻ കെ. സുരേന്ദ്രന്റെ കൂടെ അല്പദൂരം വിജയരഥത്തിൽ സഞ്ചരിച്ചു. ബി.ജെ.പി പ്രവർത്തകർ ആഹ്ലാദാരവത്തോടെ വിജയരഥ യാത്രയെ വരവേറ്റു.
'തുടക്കം നന്നായാൽ അന്ത്യം വരെയും നന്നായി വരും. ഈ യാത്രയുടെ തുടക്കം ഗംഭീരമാണ്. വിഭജന, ഭീകരവാദ വികാരത്തെ തകർത്ത് കേരളത്തിലെ ജനങ്ങളിൽ വികസന വികാരമുയർത്താൻ ഈ യാത്ര സഹായിക്കട്ടെ', യോഗി ആദിത്യനാഥ് കെ. സുരേന്ദ്രനെ അനുഗ്രഹിച്ചു. ഉത്തർപ്രദേശിൽ ഭീകരവാദികൾക്ക് യോഗിസർക്കാർ ജയിലറ ഒരുക്കുമ്പോൾ കേരളത്തിൽ പിണറായി വിജയൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് പി. കെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോർജ് കുര്യൻ, കേരള കോ പ്രഭാരി സുനിൽകുമാർ , കെ. രഞ്ജിത്ത് കണ്ണൂർ, എ. വേലായുധൻ, ബാലകൃഷ്ണ ഷെട്ടി എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു.
ഇന്നു രാവിലെ കാസർകോട്ട് നിന്ന് യാത്ര ആരംഭിക്കും. വൈകുന്നേരം കണ്ണൂരിൽ നടക്കുന്ന സ്വീകരണ പൊതുയോഗം കേന്ദ്രമന്ത്രി വി.കെ സിംഗ് ഉദ്ഘാടനം ചെയ്യും. മാർച്ച് ഏഴിന് വിജയ യാത്ര തിരുവനന്തപുരത്ത് സമാപിക്കും.
ഗുരുദേവന്റെ മണ്ണിൽ നിൽക്കാൻ അഭിമാനം : യോഗി ആദിത്യനാഥ്
കാസർകോട് : കേരളത്തെ ശരിയായ ദിശയിലേക്ക് നയിച്ച ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ മണ്ണിൽ നിൽക്കുമ്പോൾ അഭിമാനം തോന്നുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര കാസർകോട് താളിപ്പടുപ്പ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവിന്റെയും ആദിശങ്കരന്റെയും ഭൂമിയാണിത്. സാംസ്കാരിക ഏകതയുടെ, സത് ഭാവനയുടെ പാഠങ്ങൾ പകർന്നുനൽകിയ ഈ മണ്ണ് നവോത്ഥാനത്തിന്റെ വിളനിലമാണ്. കേരളീയ ജനതയെ വെളിച്ചത്തിലേക്ക് നയിച്ചത് ഗുരുവാണ്. ഗുരുവിന്റെയും ആദിശങ്കരന്റെയും മണ്ണിനെ ഞാൻ നമിക്കുന്നു - യോഗി പറഞ്ഞു. സി.പി.എം പോലുള്ള പാർട്ടികളുടെ ക്രൂരമായ പീഡനം സഹിച്ചാണ് കേരളത്തിലെ ബി.ജെ.പി പ്രവർത്തകർ സംഘടനാപ്രവർത്തനം നടത്തുന്നതെന്ന് എനിക്കറിയാം. ഇവിടെ സർക്കാരുകൾ കോൺഗ്രസും സി. പി. എമ്മും ആണെങ്കിലും അഴിമതി നടത്തുന്നതിൽ ഇവർ ഒന്നാണ്. 2009 ൽ ഞാൻ കേരളത്തിൽ വന്നപ്പോൾ ലൗജിഹാദ് വ്യാപകമായിരുന്നു. ഉത്തർപ്രദേശ് സർക്കാർ ലൗ ജിഹാദ് നിയന്ത്രിക്കാൻ ശക്തമായ നിയമം കൊണ്ടുവന്നു. കേരളത്തിലെ സർക്കാർ ലൗ ജിഹാദ് കാരെ സഹായിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഉണ്ടാക്കാൻ കേരളത്തിൽ ശ്രമം നടക്കുന്നുണ്ടെന്ന് നീതിപീഠം പോലും പറഞ്ഞു. ജനഹിതം അട്ടിമറിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ശബരിമലയിൽ ജനഹിതം അട്ടിമറിച്ചവർ തീവ്രവാദ ശക്തികളെ സഹായിക്കുന്നു.
യു.പിയിൽ രാമ മന്ദിരം പണിയുകയാണ്. രാമ മന്ദിരം രാഷ്ട്ര മന്ദിരമാണ്. രാമ മന്ദിര നിർമ്മാണത്തെ സഹായിക്കുന്ന കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ട്. ജനങ്ങളെ വിഭജിക്കുന്ന അരാജകത്വം സൃഷ്ടിക്കുന്ന രാഷ്ട്രീയം നമുക്ക് വേണ്ട. നരേന്ദ്ര മോദി സർക്കാരിന്റെ വികസന പദ്ധതികൾ ജനനന്മയ്ക്ക് ആണ്. കൊവിഡ് നിയന്ത്രണത്തിൽ ഉൾപ്പെടെ യുപി മാതൃകകൾ കേരള മുഖ്യമന്ത്രി കണ്ടുപഠിക്കണം. നേരത്തെ ഞങ്ങളെ നോക്കി ചിരിച്ചിരുന്നു ഈ മുഖ്യമന്ത്രി. ഇന്ന് കേരളത്തെ നോക്കി ലോകം ചിരിക്കുകയാണ് എന്ന് അദ്ദേഹം പരിഹസിച്ചു.
കെ സുരേന്ദ്രന്റെ വിജയ യാത്ര കേരളത്തിൽ ബി. ജെ. പിയെ വളർത്തുമെന്നും കേരളത്തിലും അധികാരത്തിൽ വരാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |