കൊച്ചി: മസ്തിഷ്‌ക പ്രവർത്തനങ്ങൾ സൂക്ഷ്‌മമായി മനസിലാക്കുന്നതിനും രോഗങ്ങൾക്ക് പരിഹാരമാർഗങ്ങൾ വികസിപ്പിക്കുന്നതിനും യൂറോപ്പിലെ 143 സർവകലാശാലാ സ്ഥാപനങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്ന യൂറോപ്യൻ യൂണിയന്റെ ഹ്യൂമൻ ബ്രെയിൻ പ്രോജക്ടിൽ (എച്ച്.ബി.പി) അമൃത വിശ്വവിദ്യാപീഠം പങ്കാളിയാകുന്നു. പദ്ധതിയിൽ പങ്കാളിയാകുന്ന ഇന്ത്യയിലെ ആദ്യ സർവകലാശാലയാണ് അമൃത.
ഇറ്റലിയിലെ പവിയ യൂണിവേഴ്‌സിറ്റിയും ഫ്രാൻസിലെ ഐക്‌സ് മാർസില്ലേ യൂണിവേഴ്സിറ്റിയും പദ്ധതിക്കായി അമൃത യൂണിവേഴ്‌സിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു. മസ്തിഷ്‌കം, കോഗ്‌നിഷൻ, കംപ്യൂട്ടേഷൻസ്, ന്യൂറോ എൻജിനിയറിംഗ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന ഗവേഷണങ്ങൾ ശക്തിപ്പെടുത്താൻ അമൃത വിദ്യാപീഠത്തിന്റെ കൊല്ലം അമൃതപുരി കാമ്പസിൽ അമൃത മൈൻഡ് ബ്രെയിൻ സെന്റർ ആരംഭിക്കും. തലച്ചോറിന്റെ പ്രവർത്തനം, അപര്യാപ്തത, തെറാപ്പി എന്നിവ മനസിലാക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുമെന്ന് ഡയറക്ടർ ഡോ. ശ്യാം ദിവാകർ അറിയിച്ചു.
പദ്ധതിയിൽ 2023 വരെ സഹകരിച്ചു പ്രവർത്തിക്കാനാണ് ധാരണ. പുതിയ ധാരണാപത്രം സർവകലാശാലയുടെ അത്യാധുനിക ന്യൂറോസയൻസ് ഗവേഷണത്തിന് പുതുയൊരു മാനം നൽകുമെന്ന് വൈസ്ചാൻസലർ ഡോ. വെങ്കിട്ട്‌രാമൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |