തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകയ്ക്ക് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി.) മാനേജിങ് ഡയറക്ടർ എൻ. പ്രശാന്ത് നൽകിയത് അശ്ലീലച്ചുവയുള്ള മറുപടി. 'മാതൃഭൂമി' ലേഖികയോടാണ് കളക്ടർ ബ്രോ എന്ന് സോഷ്യൽ മീഡിയ വിളിക്കുന്ന പ്രശാന്തിന്റെ മോശം പെരുമാറ്റം.
പ്രശാന്തും മാദ്ധ്യമപ്രവർത്തകയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 1.33നും 2.23നും ഇടയിലുള്ളതാണ് സന്ദേശങ്ങൾ. ഒരു സഹപ്രവർത്തകനിൽ നിന്ന് നമ്പർ വാങ്ങി പ്രശാന്തിനെ വിളിച്ചെന്നും, മറുപടിയില്ലാത്തതിനാൽ വാട്‌സാപ്പിൽ മെസേജ് അയക്കുകയുമായിരുന്നെന്നുമാണ് മാദ്ധ്യമപ്രവർത്തക പറയുന്നത്.
9447048777 എന്ന നമ്പരിലാണ് സന്ദേശമയച്ചത്.
ഹായ്, മാതൃഭൂമി ലേഖികയാണ്. ഇപ്പോൾ സംസാരിക്കാൻ സൗകര്യമുണ്ടാകുമോ? ഒരു വാർത്തയുടെ ആവശ്യത്തിനാണന്നായിരുന്നു മാദ്ധ്യമ പ്രവർത്തക ആദ്യം അയച്ചത്. സുനിൽ സുഖദയുടെ മുഖമുള്ള ഒരു സ്റ്റിക്കറായിരുന്നു പ്രശാന്തിന്റെ മറുപടി. തുടർന്ന് താങ്കളെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചല്ല. എന്താണ് പ്രതികരണമെന്ന് അറിയാനാണെന്ന് പറയുമ്പോൾ, ഓ... യാ... എന്ന(നടിയുടെ മുഖമുള്ള സ്റ്റിക്കർ. അശ്ലീലച്ചുവയുള്ളത്) മറുപടി കൊടുക്കുകയായിരുന്നു.
എന്തുതരത്തിലുള്ള പ്രതികരണമാണിതെന്ന് മാദ്ധ്യമപ്രവർത്തക ചോദിക്കുമ്പോൾ വീണ്ടും നടിയുടെ മുഖമുള്ള സ്റ്റിക്കറാണ് പ്രശാന്ത് അയച്ചത്. ഇത്രയും തരംതാഴ്ന്ന പ്രതികരണങ്ങൾ താങ്കളെപ്പോലെ ഉത്തരവാദപ്പെട്ട സർക്കാർ പദവിയിലിരിക്കുന്ന ഒരു വ്യക്തിയിൽനിന്ന് പ്രതീക്ഷിച്ചില്ല. ഇതിനെക്കുറിച്ച് ബന്ധപ്പെട്ട ഉന്നത അധികാരികളോട് പരാതിപ്പെടും. താങ്കളുടെ ഒരു പ്രതികരണവും ഇനി ആവശ്യമില്ല. സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നാണ് താങ്കൾ ആദ്യം പഠിക്കേണ്ടത്. നന്ദി!എന്ന് മറുപടിയാണ് ഇതിന് മാദ്ധ്യമപ്രവർത്തക നൽകിയത്.
വാർത്ത ചോർത്തിയെടുക്കാനുള്ള വിദ്യകൾ കൊള്ളാം. ക്ഷമിക്കണം. തെറ്റായ ആളുടെയടുത്ത് തെറ്റായ വിദ്യകളായിപ്പോയി. ബൈ മാഡം. ചില മാദ്ധ്യമപ്രവർത്തകരെ തോട്ടിപ്പണിക്കാരുമായി താരതമ്യപ്പെടുത്തുന്നതിൽ അത്ഭുതമില്ലെന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. കൂടാതെ ആദ്യമയച്ച പല സ്റ്റിക്കറുകളും ഡിലീറ്റും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |