തിരുവനന്തപുരം: കേരളത്തിൽ പരസ്പരം പോരടിക്കുന്ന എൽ.ഡി.എഫും യു.ഡി.എഫും ഡൽഹിയിലും ബംഗാളിലും ഒരുമിച്ചു നിൽക്കുകയാണെന്നും ഇവരുടെ കാപട്യമാണ് ഇതിലൂടെ വെളിവാകുന്നതെന്നും കേന്ദ്ര മന്ത്രിയും കേരളത്തിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചുമതലക്കാരനുമായ പ്രഹ്‌ളാദ് ജോഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിന് സഖ്യങ്ങളുടെ കാര്യത്തിൽ ദേശീയ നയമുണ്ടോയെന്ന് രാഹുൽഗാന്ധി വ്യക്തമാക്കണം. രാഹുൽ ജനാധിപത്യത്തിലാണോ, കാപട്യത്തിലാണോ വിശ്വസിക്കുന്നതെന്ന് പറയണം. കർഷകർക്ക് എവിടെയും ഉത്പന്നം വിൽക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞതാണ്. അത് ബി.ജെ.പി നടപ്പിലാക്കുമ്പോൾ എന്തുകൊണ്ടാണ് എതിർക്കുന്നത്. കർഷക സമരം ഇടനിലക്കാർക്ക് വേണ്ടിയാണ്. ഒരു പദ്ധതിക്കായി 100 രൂപ കേന്ദ്രം ചെലവിടുമ്പോൾ 15 രൂപയാണ് സാധാരണക്കാരന് കിട്ടുന്നതെന്നും ബാക്കി ഇടനിലക്കാർ തട്ടിയെടുക്കുകയാണെന്നുമാണ് രാജീവ് ഗാന്ധി പറഞ്ഞത്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടനിലക്കാരെയെല്ലാം ഒഴിവാക്കി. എല്ലാ ആനുകൂല്യങ്ങളും ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ടിലൂടെയാണ് നൽകുന്നത്. ഇതുവഴി 1.30ലക്ഷം കോടിയാണ് ലാഭമായത്. കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചപ്പോൾ മുഴുവൻ അഴിമതിയായിരുന്നു. മോദി അധികാരത്തിൽ വന്നതോടെ അഴിമതിയും സ്വജനപക്ഷപാതവുമില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ അസം ബി.ജെ.പി നിലനിറുത്തും. ബംഗാളും പുതുച്ചേരിയും പിടിച്ചെടുക്കും. തമിഴ്നാട്ടിൽ എൻ.ഡി.എ ഭരണം തുടരും. കേരളത്തിലും വലിയ നേട്ടമുണ്ടാക്കും. ജനങ്ങൾക്ക് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മടുത്തു. ഒരു ബദലിന് സമയമായി. അഞ്ചു വർഷം യു.പി.എ സർക്കാർ കേരളത്തിൽ ദേശീയ പാതയ്ക്കായി 2998 കോടി നൽകിയപ്പോൾ, എൻ.ഡി.എ സർക്കാർ 12,616 കോടിയാണ് അനുവദിച്ചത്. കേന്ദ്ര പദ്ധതികൾ സംസ്ഥാനം വേണ്ടവിധത്തിൽ നടപ്പാക്കുന്നില്ല. ചിലതിന്റെ പേര് മാറ്റി നടപ്പാക്കി തങ്ങളുടേതാക്കുകയാണെന്നും ജോഷി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |