വാഷിംഗ്ടൺ: ബോഡിഷെയ്മിംഗിനിരയായ അനുഭവം വെളിപ്പെടുത്തി ഹോളിവുഡിന്റെ സ്വപ്ന നായിക കേറ്റ് വിൻസ്ലറ്റ്. പത്രക്കാർ തന്റെ വണ്ണത്തേയും ഭാരത്തേയും കുറിച്ച് സ്ഥിരമായി വാർത്തകൾ പ്രസിദ്ധിരീകരിച്ചതിനെക്കുറിച്ച് പറയുകയായിരുന്നു കേറ്റ്.
കരിയറിന്റെ തുടക്കക്കാലത്ത് വണ്ണത്തിന്റെ പേരിൽ ഞാൻ വളരെയധികം വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇക്കാരണത്താൽ എനിക്ക് ആത്മവിശ്വാസം നഷ്ടമായിയി. അരക്ഷിതാവസ്ഥയും രൂപപ്പെട്ടു - കേറ്റ് പറയുന്നു.
ചില പത്രക്കാർ അങ്ങേയറ്റം ക്രൂരമായാണ് പെരുമാറിയിരുന്നത്. തന്റെ വണ്ണത്തിനെക്കുറിച്ച് അഭിപ്രായം പറയുകയും ഭാരം എത്രയാണെന്ന് ഊഹിച്ച് പറയുകയും തന്റെ ഡയറ്റ് അച്ചടിക്കുകയും ചെയ്യുമായിരുന്നുവെന്ന് കേറ്റ് പറയുന്നു. അവ അസ്വസ്ഥവും ഭീതിപ്പെടുത്തുന്നതുമായിരുന്നു.
തന്റെ ശരീരപ്രകൃതിയെക്കുറിച്ച് തന്നോടുതന്നെ ഇവർ തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇക്കാരണങ്ങലെല്ലാം കൊണ്ട് ഒരുവേള ഹോളിവുഡിൽ നിന്ന് മാറി നിൽക്കാൻ വരെ തീരുമാനിച്ചു.എന്നാൽ, 25ാം വയസിൽ കുഞ്ഞു പിറന്നതോടെ ഈ വൈഷമ്യങ്ങളെല്ലാം പെട്ടിയിലടച്ചു പൂട്ടാൻ സാധിച്ചു.
മകൾ പിറന്നതോടെ തന്റെ കാഴ്ചപ്പാടുകളാകെ മാറി. തന്റെ ശരീരത്തെക്കുറിച്ചും അവ എങ്ങനെയായിരിക്കണമെന്നും ഒക്കെയുള്ള കമന്റുകളെ അവഗണിച്ചു. ഹോളിവുഡിലെ വിഷം വമിക്കുന്ന സെക്‌സിസ്റ്റ് സംസ്‌കാരത്തിനെതിരെ പോരാടിയ സ്ത്രീകളെ പ്രശംസിക്കാനും കേറ്റ് മറന്നില്ല.