പാർലമെന്റ് പിരിച്ചുവിട്ടു
കാഠ്മണ്ഡു: ആഭ്യന്തര കലാപത്തെത്തുടർന്ന് സർക്കാരിനെ അട്ടിമറിച്ച നേപ്പാളിൽ, സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകി (73) ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡന്റ് റാം ചന്ദ്ര പൗഡൽ പാർലമെന്റ് പിരിച്ചുവിട്ടു. മൂന്നംഗ ക്യാബിനറ്റ് അടിയന്തരമായി രൂപീകരിക്കും. 2026 മാർച്ച് 5ന് പൊതു തിരഞ്ഞെടുപ്പ് നടത്തും. നേപ്പാളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്.
ഇന്നലെ പ്രസിഡന്റിന്റെ വസതിയിൽ യുവജന (ജെൻ-സി) പ്രക്ഷോഭകരും രാഷ്ട്രീയ പാർട്ടികളും പങ്കെടുത്ത മാരത്തൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനമുണ്ടായത്. സുശീലയെ തന്നെ പ്രധാനമന്ത്രിയാക്കാമെന്ന് ഇന്നലെ പുലർച്ചെ തന്നെ ധാരണയായിരുന്നു. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് മുന്നേ പാർലമെന്റ് പിരിച്ചുവിടണമെന്ന് സുശീല ഉറച്ച നിലപാടെടുത്തു.
പ്രക്ഷോഭ നേതാവായ സുദൻ ഗുരുംഗും ആദ്യം പാർലമെന്റ് പിരിച്ചുവിടണമെന്ന് നിലപാടെടുത്തു. ഭരണഘടന പ്രകാരം, പ്രധാനമന്ത്രിയുടെ ശുപാർശയ്ക്കും പ്രസിഡന്റിന്റെ അംഗീകാരത്തിനും ശേഷം മാത്രമേ പാർലമെന്റ് പിരിച്ചുവിടാൻ കഴിയൂ.
ഇടക്കാല സർക്കാർ രൂപീകരണം ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ തന്നെ തുടരണമെന്നായിരുന്നു പൗഡലിന്റെ നിലപാട്. ഇതോടെ ചർച്ചകൾ നീണ്ടു. പാർലമെന്റ് പിരിച്ചുവിട്ടില്ലെങ്കിൽ രാഷ്ട്രപതിയുടെ വസതി വളയുമെന്ന് പ്രക്ഷോഭകർ ഭീഷണി മുഴക്കി. സമ്മർദ്ദം ശക്തമായതോടെ ആവശ്യം പ്രസിഡന്റ് അംഗീകരിക്കുകയായിരുന്നു. സമൂഹ മാദ്ധ്യമ വിലക്കിനെതിരെയും അഴിമതിക്കെതിരെയും തിങ്കളാഴ്ചയാണ് നേപ്പാളിൽ യുവജന പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
തുടർന്ന് പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവയ്ക്കുകയായിരുന്നു. നേപ്പാൾ വൈദ്യുതി അതോറിട്ടിയുടെ(എൻ.ഇ.എ) മുൻ ചെയർമാൻ കുൽമാൻ ഘിസിംഗ്, കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ തുടങ്ങിയവരുടെ പേരുകൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നിരുന്നു. നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ സുശീലയെ കണ്ട് ആശംസയറിയിച്ചു.
മരണം 51, കൊല്ലപ്പട്ടവരിൽ ഇന്ത്യക്കാരിയും
പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവർ 51 ആയി. മരിച്ചവരിൽ ഇന്ത്യൻ വനിതയുമുണ്ടെന്ന് സ്ഥിരീകരിച്ചു. യു.പി ഗാസിയാബാദ് സ്വദേശി രാജേഷ് ഗോലയാണ് (57) മരിച്ചത്. ഇവർ തങ്ങിയ ഹോട്ടലിന് ചൊവ്വാഴ്ച പ്രക്ഷോഭകർ തീയിടുകയായിരുന്നു. രക്ഷപെടാനായി നാലാം നിലയിലെ ജനാലയിലൂടെ താഴേക്ക് ചാടിയ ഗോലയ്ക്ക് ഗുരുതര പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇവരുടെ ഭർത്താവ് അപകടനില തരണം ചെയ്തു. അതേസമയം, കാഠ്മണ്ഡുവിലടക്കം ജനജീവിതം സാധാരണ നിലയിലായി തുടങ്ങി. കടകളും മറ്റും തുറന്നു. തെരുവുകളിൽ സൈന്യവും പൊലീസും പട്രോളിംഗ് തുടരുന്നുണ്ട്.
# ഇന്ത്യയിൽ പഠനം, അഴിമതി വിരുദ്ധ നിലപാട്
സുശീല നേപ്പാൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ഏക വനിത. ഒരു പാർട്ടിയിലും അംഗമല്ല
നിഷ്പക്ഷ, അഴിമതി വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധനേടി
2016 - 2017 കാലയളവിൽ ചീഫ് ജസ്റ്റിസ്
നേപ്പാളിലെ ത്രിഭുവൻ യൂണിവേഴ്സിറ്റിയിലും ഇന്ത്യയിലെ ബനാറസ് ഹിന്ദു സർവകലാശാലയിലും പഠനം
അദ്ധ്യാപികയായി കരിയറിന് തുടക്കം. 2008ൽ നേപ്പാൾ ബാർ അസോസിയേഷനിലെ മുതിർന്ന അഭിഭാഷക
1990ൽ പഞ്ചായത്ത് സംവിധാനത്തിനെതിരെ നടന്ന ജനകീയ പ്രതിഷേധങ്ങളുടെ ഭാഗമായി. ജയിൽവാസം അനുഭവിക്കേണ്ടി വന്നു
2017ൽ അന്നത്തെ സർക്കാർ, പൊലീസ് മേധാവിയുടെ നിയമനം റദ്ദാക്കിയതിന്റെ പേരിൽ ചീഫ് ജസ്റ്റിസായിരുന്ന സുശീലയ്ക്കെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് നീക്കം നടത്തി. ജനരോഷം ഇരമ്പിയതോടെ സർക്കാർ പിൻവാങ്ങി പ്രായപരിധിയിലെത്തിയതോടെ (65 വയസ്) 2017 ജൂൺ 6ന് രാജിവച്ചു
ഭർത്താവ് ദുർഗ പ്രസാദ് സുബേദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |