കൊല്ലം: കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് വിറ്റ് മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കാനുള്ള ഗൂഢപദ്ധതിയാണ് പ്രതിപക്ഷം പൊളിച്ചതെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോപണം പച്ചക്കള്ളമെന്ന് പറഞ്ഞ് ആക്ഷേപിച്ച സർക്കാർ പിന്നീട് ധാരണാപത്രം റദ്ദ് ചെയ്തു. ഇതിന് ഉത്തരവാദിയായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ രാജിവയ്ക്കണം.
പ്രതിപക്ഷം ഇക്കാര്യം പുറത്തുകൊണ്ടുവന്നില്ലായിരുന്നെങ്കിൽ സർക്കാർ പോകുന്ന മുറയ്ക്ക് മന്ത്രിസഭയിൽ വച്ച് പാസാക്കുകയായിരുന്നു ലക്ഷ്യം. ഈ മാസം 11ന് ഇ.എം.സി.സി പ്രതിനിധികൾ മന്ത്രി ഇ.പി ജയരാജനെ കണ്ടത് വെറുമൊരു അപേക്ഷ നൽകാനായിരുന്നില്ല. 5,000 കോടിയുടെ പദ്ധതി മന്ത്രിസഭയിൽ വച്ച് പാസാക്കാനുള്ള അപേക്ഷയാണ് നൽകിയത്. കള്ളം കൈയോടെ പിടിച്ചതിന്റെ രോഷത്തിലാണ് പ്രതിപക്ഷ നേതാവിന് മനോവിഭ്രാന്തിയെന്ന് മേഴ്സിക്കുട്ടിഅമ്മ പരിഹസിച്ചതെന്നും ചെന്നിത്തല പറഞ്ഞു.കള്ളക്കരാർ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമം നടക്കില്ല. മത്സ്യനയത്തിനും മത്സ്യത്തൊഴിലാളികളുടെ താത്പര്യത്തിനും എതിരാണ് കരാർ. ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയില്ലേയെന്നും ചെന്നിത്തല ചോദിച്ചു.
വിദേശകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഇ.എം.സി.സി കമ്പനി ശരിയല്ലെന്ന വിവരമാണ് ലഭിച്ചത്. ഇത് സർക്കാരിനെ അറിയിച്ചതായി കേന്ദ്ര മന്ത്രി മുരളീധരൻ പറയുന്നു. മേൽവിലാസം പോലുമില്ലാത്ത കമ്പനിയുമായി എങ്ങനെ എം.ഒ.യു ഒപ്പുവച്ചു. എങ്ങനെ നാലേക്കർ സ്ഥലം നൽകി. എങ്ങനെ 400 യന്ത്രവത്കൃത ട്രോളറുകൾ നിർമ്മിക്കുന്നതിന് കരാറുണ്ടാക്കി. സ്‌പ്രിംഗ്‌ളർ പോലെ മറ്റൊരു വലിയ അഴിമതിയായിരുന്നു ഇതിന് പിന്നിലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
27ലെ തീരദേശ ഹർത്താലിന് യു.ഡി.എഫ് പിന്തുണ നൽകും. ആഴക്കടൽ അഴിമതിക്കെതിരെ ഷിബു ബേബിജോണും ടി.എൻ. പ്രതാപനും നയിക്കുന്ന ജാഥകൾ മാർച്ച് 5ന് വൈപ്പിനിൽ സംഗമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |