ലോകത്തിലെ ഏറ്റവും ചൂടേറിയ വിനോദസഞ്ചാരകേന്ദ്രമാണ് ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലെ ഉൾക്കടലായ ബേ ഓഫ് ഫയർസ് അഥവാ തീയുടെ ഉൾക്കടൽ. തീ പോലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണെങ്കിൽ പോലും ഇവിടുത്തെ അതിമനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കടൽത്തീരം കണ്ടാൽ പടർന്നുകിടക്കുന്ന തീപ്പൊരിയാണെന്നേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളു. അതുകൊണ്ട് തന്നെയാണ് ഈ പ്രദേശത്തിന് ഇങ്ങനെയൊരു പേര് ലഭിച്ചത്.
ടാസ്മാനിയയുടെ വടക്കുകിഴക്കൻ തീരത്തുള്ള തീയുടെ ഉൾക്കടൽ ഓസ്ട്രേലിയയുടെ തെക്ക് ബിനലോംഗ് ബേ മുതൽ വടക്ക് എഡ്ഡിസ്റ്റോൺ പോയിന്റ് വരെ വ്യാപിച്ചുകിടക്കുന്നു. വെളുത്ത മണൽവിരിച്ച കടൽത്തീരവും നീലക്കടലും വലിയ ഗ്രാനൈറ്റ് പാറകൾ നിറഞ്ഞ തീരങ്ങളുമെല്ലാം നയന മനോഹരമായ കാഴ്ചകളാണ്. അഗ്നി വർണ്ണമുള്ള പാറകൾ നിറഞ്ഞ തീരമാണ് ബേ ഓഫ് ഫയറിന്റേത്. ആൽഗകളുടെയും ഫംഗസിന്റെയും സംയോജനമായ ലൈക്കണുകളാണ് പാറകൾക്ക് ഇത്തരത്തിൽ അപൂർവ്വമായ രൂപമാറ്റവും നിറവും നൽകുന്നത്. ഇൗ അത്യപൂർവ കാഴ്ചകൾ ആസ്വദിക്കുവാനും ചിത്രങ്ങളെടുക്കാനും നിരവധിയാളുകൾ ഇവിടെ എത്തിച്ചേരാറുണ്ട്. ഓസ്‌ട്രേലിയയിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് ബേ ഓഫ് ഫയർസ്.
അവധിക്കാല വസതികളുടെയും ക്യാംപ് സൈറ്റുകളുടെയും മനോഹരമായ ഗ്രാമംകൂടിയാണ് ബിനലോംഗ് ബേ. നീന്തൽ, ബോട്ടിംഗ്, മീൻപിടുത്തം, കയാക്കിംഗ്, നടത്തം എന്നിവയ്ക്ക് അനുയോജ്യമായ ഒരു സ്ഥലം കൂടിയാണിത്. സഞ്ചാരികളെ കാത്ത് സ്‌കെറ്റൺ ബേ, ഗ്രാന്റ്‌സ് പോയിന്റ്, എലിഫന്റ് ഹെഡ് തുടങ്ങി മനോഹരമായ നിരവധി സ്ഥലങ്ങളുമുണ്ട്. ഈ ഉൾക്കടലിന്റെ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെ കാഴ്ചകളുടെ നീണ്ടനിരയാണ്. 1773ൽ ക്യാപ്റ്റൻ തോബിയാസ് ഫർണിയോക്‌സ് എന്ന കപ്പിത്താൻ ഇതുവഴി സഞ്ചരിക്കുമ്പോൾ അവിടെ താമസിച്ചിരുന്ന ആദിവാസി സമൂഹങ്ങൾ കടൽത്തീരത്ത് തീകൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ അദ്ദേഹമാണ് ഈ തീരത്തിന് ബേ ഓഫ് ഫയർ എന്ന് പേര് നൽകിയത്. ആദ്യത്തെ ടാസ്മാനിയൻ നിവാസികളുടെ അവശേഷിപ്പുകളായ ഷെല്ലുകൾ, അസ്ഥി കൂമ്പാരങ്ങൾ മിഡെൻസ് രൂപത്തിൽ പുല്ലിനകത്തും പുറത്തും ഇപ്പോഴും കാണാം. ഈ തീപിടിച്ച ഉൾക്കടലിലെ അതിമനോഹരമായ ആളൊഴിഞ്ഞ ബീച്ചുകളും തീരപ്രദേശങ്ങളും ലോകത്തിലെ തന്നെ ഏറ്റവും പ്രകൃതിദത്തമായ അത്ഭുതങ്ങളിൽ ഒന്നായി ബേ ഓഫ് ഫയർസിനെ മാറ്റിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |