
മാസശമ്പളത്തോടൊപ്പം ഒരു നിശ്ചിത തുക കൂടി കൃത്യമായി നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തുകയാണെങ്കിൽ സാമ്പത്തിക ഭദ്രത കൂടുതൽ ബലപ്പെടുത്താമല്ലോ? അതിനുസഹായിക്കുന്ന ഒട്ടനവധി നിക്ഷേപപദ്ധതികൾ നിലവിലുണ്ട്. പക്ഷെ അവയിൽ ഏത് പദ്ധതിയിൽ ചേരുമ്പോഴാണ് കൂടുതൽ ലാഭം കിട്ടുകയെന്ന കാര്യത്തിൽ ഭൂരിഭാഗം ആളുകൾക്കും സംശയമുണ്ട്. തപാൽ വകുപ്പിന്റെ കീഴിലുള്ള പോസ്റ്റോഫീസുകളിൽ നിരവധി നിക്ഷേപപദ്ധതികളുണ്ട്. നിങ്ങളുടെ നിക്ഷേപത്തിന് വലിയ പലിശ ഉറപ്പുനൽകുന്ന പദ്ധതികളൾ പോസ്റ്റോഫീസിന് കീഴിലുണ്ട്.
പോസ്റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതി, പോസറ്റോഫീസ് റെക്കറിംഗ് ഫണ്ട് (ആർഡി) എന്നിവ അവയിൽ ചിലതാണ്. പോസ്റ്റോഫീസ് റെക്കറിംഗ് ഫണ്ടിലാണ് ഇപ്പോൾ കൂടുതലാളുകളും ചേരുന്നത്. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാം. സർക്കാർ പിന്തുണയുള്ള ഈ പദ്ധതി യാതൊരു അപകടസാദ്ധ്യതയുമില്ലാത്തതാണ്. ആർഡിയിൽ പ്രതിമാസം 5000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു നിശ്ചിതകാലം കഴിയുമ്പോൾ തന്നെ എട്ട് ലക്ഷം രൂപ വരെ സമ്പാദിക്കാം. ഇതിൽ രണ്ടരലക്ഷത്തിന് മുകളിൽ പലിശയിനത്തിൽ മാത്രം നേടാവുന്നതാണ്.
മറ്റു ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥിരനിക്ഷേപ പദ്ധതികളേക്കാൾ കൂടുതൽ പലിശയാണ് ആർഡിയിലൂടെ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. നിലവിൽ 6.7 ശതമാനം വാർഷിക പലിശയാണ് ആർഡി വാഗ്ദാനം ചെയ്യുന്നത്. ഇത് ഓരോ വർഷം കഴിയുംതോറും നിക്ഷേപത്തോടൊപ്പം ചേർക്കുകയാണ്. അഞ്ച് വർഷത്തേക്ക് നിങ്ങൾ പ്രതിമാസം 5000 രൂപ വീതം ആർഡിയിൽ നിക്ഷേപിക്കുകയാണെങ്കിൽ ആകെ നിക്ഷേപം മൂന്ന് ലക്ഷം രൂപയായിരിക്കും. ഈ തുകയ്ക്ക് പലിശയിനത്തിൽ മാത്രം 56,830 രൂപ ലഭിക്കും. അതായത്, അഞ്ചുവർഷംകൊണ്ട് നിങ്ങൾക്ക് 3,56,830 രൂപ ലഭിക്കും.
അഞ്ച് വർഷത്തേക്ക് കൂടി നിക്ഷേപം ദീർഘിപ്പിക്കാനുള്ള അവസരവും ആർഡിയിൽ ഒരുക്കിയിട്ടുണ്ട്. മെച്യൂരിറ്റി കാലയളവ് അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷത്തിലേക്ക് ദീർഘിപ്പിക്കുമ്പോൾ നിങ്ങളുടെ ആകെ നിക്ഷേപം ആറ് ലക്ഷം രൂപയായി മാറും. പത്തുവർഷത്തിനുശേഷം നിങ്ങളുടെ നിക്ഷേപം 8,54,272 രൂപയും പലിശയിനത്തിൽ മാത്രം 2,54,272 രൂപയായിരിക്കും. അടുത്തുള്ള പോസ്റ്റോഫീസ് ശാഖകളിലെത്തി ആർഡിയെക്കുറിച്ച് കൂടുതൽ മനസിലാക്കുകയോ സാമ്പത്തികവിദഗ്ദരോട് നിർദ്ദേശം തേടുകയോ ചെയ്തതിനുശേഷം മാത്രം പദ്ധതിയിൽ ചേരാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |