പോളിംഗ് സമയം ഒരു മണിക്കൂർ അധികം
ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഏപ്രിൽ ആറിന്. തമിഴ്നാട്, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളും ഇതേ ദിവസമാണ്. പശ്ചിമബംഗാളിൽ എട്ടും അസാമിൽ മൂന്നും ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കും. മേയ് രണ്ടിനാണ് അഞ്ചിടത്തും വോട്ടെണ്ണൽ. പെരുമാറ്റച്ചട്ടം ഇന്നലെ നിലവിൽ വന്നു.
കൊവിഡ് സാഹചര്യത്തിൽ പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടിയിട്ടുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് പോളിംഗ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവു വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും ആറിനു നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് ബാധിച്ച് കോൺഗ്രസ് നേതാവ് എച്ച്.വസന്തകുമാർ മരിച്ചതിനെ തുടർന്ന് ഒഴിവുവന്ന കന്യാകുമാരി ലോക്‌സഭ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് ആറിനു തന്നെ.
നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമായി 824 നിയമസഭാ മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. കേരളത്തിൽ ആകെ മണ്ഡലങ്ങൾ 140, തമിഴ്‌നാട്ടിൽ 234, അസം: 126. പുതുച്ചേരി: 30, പശ്ചിമബംഗാൾ: 294. ആകെ പോളിംഗ് സ്റ്റേഷനുകൾ 2.7ലക്ഷം. വോട്ടർമാർ 18.68 കോടി.
രാജസ്ഥാൻ, കർണാടക, ഒഡിഷ, നാഗാലാൻഡ്, ജാർഖണ്ഡ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, മിസോറം, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന, മേഘാലയ, ഗുജറാത്ത്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലായി ഒഴിവുള്ള 18 നിയസഭാ മണ്ഡലങ്ങളിലേക്കും, കൊവിഡ് ബാധിച്ച് ബലിദുർഗ പ്രസാദ് റാവു മരണമടഞ്ഞതിനെ തുടർന്ന് ഒഴിവുവന്ന ആന്ധ്രയിലെ തിരുപ്പതി, കർണാടകയിൽ കേന്ദ്രമന്ത്രി സുരേഷ് അംഗഡിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന ബെൽഗാം ലോക്‌സഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് ഈ കാലയളവിൽ നടക്കും. തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
കേരള ചിത്രം
വിജ്ഞാപനം: മാർച്ച് 12
പത്രികാ സമർപ്പണം അവസാന തീയതി: 19
സൂക്ഷ്മ പരിശോധന: 20
പിൻവലിക്കാനുള്ള അവസാന തീയതി: 22
പ്രവാസി വോട്ടർമാർ: 90,709
സർവീസ് വോട്ടർമാർ: 56,759
ആകെ വോട്ടർമാർ: 2,67,88,268
ബൂത്തുകളുടെ എണ്ണം: 40,771
(2016ൽ ഇത് 21,498)
എസ്.സി സംവരണ മണ്ഡലം: 14
എസ്.ടി സംവരണം: 2
2016 ലെ കക്ഷിനില:
എൽ.ഡി.എഫ്: 91
സി.പി.എം: 61 (4 സ്വതന്ത്രർ ഉൾപ്പെടെ. 2019ലെ ഉപതിരഞ്ഞെടുപ്പുകളോടെ 62 ആയി)
സി.പി.ഐ:19
ജെ.ഡി.എസ്: 3
എൻ.സി.പി: 2 (2019 പാലാ ഉപതിരഞ്ഞെടുപ്പോടെ 3 ആയി)
കോൺഗ്രസ് - എസ്: 1
കേരള കോൺഗ്രസ്- ബി: 1
നാഷണൽ സെക്യുലർ കോൺഫറൻസ്: 1
സി.എം.പി:1
ആർ.എസ്.പി ലെനിനിസ്റ്റ് (സ്വതന്ത്രൻ): 1
യു.ഡി.എഫ് : 47
(2019 ഉപതിരഞ്ഞെടുപ്പുകൾക്കു ശേഷം 45)
കോൺഗ്രസ്: 22
(2019 ഉപതിരഞ്ഞെടുപ്പിന് ശേഷം 21)
മുസ്ലിംലീഗ്: 18
കേരള കോൺഗ്രസ്- എം:6
കേരള കോൺഗ്രസ്- ജേക്കബ്: 1
എൻ.ഡി.എ: 1 (ബി.ജെ.പി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |