ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പൊലീസ് നിരീക്ഷകനായി മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ദീപക്ക് മിശ്രയേയും സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷണത്തിന് ഐ.ആർ.എസ് ഉദ്യോഗസ്ഥനായ പുഷ്പേന്ദ്ര പുനിയയേയും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു.
1984 ബാച്ച് ഐ.പി.എസുകാരനായ ദീപക്ക് മിശ്ര സി.ആർ.പി.എഫ് സ്പെഷ്യൽ ഡയറക്ടർ ജനറലായാണ് വിരമിച്ചത്. ഡൽഹി പൊലീസിൽ സ്പെഷ്യൽ പൊലീസ് കമ്മിഷണറായും സേവനമനുഷ്ഠിച്ചിരുന്നു. 2019 ഡിസംബറിലാണ് വിരമിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ബി.ജെ.പിയുടെ കേന്ദ്ര ആസ്ഥാനത്തെത്തി, ഇപ്പോഴത്തെ ധനമന്ത്രി നിർമ്മല സീതാരാമനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ജാർഖണ്ഡ് സ്വദേശിയായ മിശ്ര വടക്ക് കിഴക്കൻ ഡൽഹിയിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.