തൃശൂർ: അക്ഷരങ്ങൾ രണ്ടായി തോന്നും, എഴുതുന്നത് തെറ്റും, അക്കങ്ങൾ തിരിച്ചറിയില്ല... ഒന്നിനുമാവില്ലെന്ന് പലരും കളിയാക്കി. നിവേദിത തളർന്നില്ല, പോരാടി. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം, എം.ഫിൽ, നെറ്റ്, ജെ.ആർ.എഫ്, ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് ഫെല്ലോഷിപ്പ്, ആലപ്പുഴ എസ്.ഡി കോളേജിൽ ആറു മാസം അദ്ധ്യാപിക. ഇതിനെല്ലാം അംഗീകാരമായി ഡൽഹിയിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ ഇന്റർനാഷനൽ ഇൻസ്പറേഷൻ വിമൻ അവാർഡും. ഡിസ്‌ലെക്‌സിയ എന്ന പഠനവൈകല്യം നിവേദിതയ്ക്കു മുന്നിൽ മുട്ടുകുത്തുകയായിരുന്നു.
'വിദ്യാർത്ഥികളിലെ പഠന വൈകല്യം' വിഷയമാക്കി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്.ഡിയുടെ പടിവാതിലിലാണിപ്പോൾ, നിവേദിത ബി. വാര്യർ. ഇൻസ്പിറേഷൻ വിമൻ അവാർഡ് ലഭിച്ച 100 പേരിൽ കേരളത്തിൽ നിന്ന് നിവേദിത മാത്രം. മേയ് ഒന്നിന് ഡൽഹിയിൽ സമ്മാനിക്കും.
ഏറെ സമയമെടുത്ത് പഠിച്ചാലും കണക്കിൽ തോറ്റുപോകും. 6 എന്നെഴുതിയാൽ 9 എന്നേ വായിക്കാനാകൂ. 'ആ' കണ്ടാൽ 'ഉ' എന്നാകും വായിക്കുക. കൂട്ടുകാരും ബന്ധുക്കളുമെല്ലാം ബുദ്ധിയില്ലെന്നും മടിച്ചിയെന്നും വിളിച്ചു. ആശ്വാസം തേടിപ്പോയപ്പോൾ മനഃശാസ്ത്രജ്ഞ, 'നിനക്ക് ജീവിതത്തിൽ ഒന്നും നേടാൻ കഴിയില്ലെന്ന് 'നിരാശപ്പെടുത്തി.
ഒടുവിൽ, ഒൻപതാം ക്ളാസിലെ അദ്ധ്യാപിക വസന്തകുമാരി പ്രശ്നം മനസിലാക്കി. കൃത്യമായ രോഗനിർണയം നടത്തി ചികിത്സിച്ച് ഗവ. മെഡിക്കൽ കോളേജിലെ ഡോ. സ്മിത രാമദാസും ആത്മവിശ്വാസം നൽകി. ടീച്ചറും ഒപ്പം നിന്നു. പഠിക്കാൻ ചില സൂത്രപ്പണികൾ ഒരുക്കി. ഓഡിയോ ടെക്സ്റ്റുകളും സോഫ്ട്‌വെയറുകളും ഉപയോഗിച്ച് പാഠഭാഗങ്ങൾ മനസിലാക്കി. പതുക്കെ വൈകല്യത്തെ മറികടക്കുകയായിരുന്നു. ഗുരുവായൂരിലെ ബാബു ആർ. വാരിയരുടെയും ആതിരയുടെയും ഏകമകളാണ് നിവേദിത.
സകലകലകളിലും...
പെയിന്റിംഗിലും നൃത്തത്തിലും പ്രസംഗത്തിലും മിടുക്കിയാണ് നിവേദിത. കോളേജിൽ ചെയർപേഴ്‌സണായിരുന്നു. ബെസ്റ്റ് ക്യാരക്ടർ, ബെസ്റ്റ് സ്റ്റുഡന്റ് ബഹുമതികളും ലഭിച്ചു. പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂൾ, തൃശൂർ വിമല, ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ, എറണാകുളം സെന്റ് തെരേസാസ് എന്നിവിടങ്ങളിലായിരുന്നു പഠനം.
ഡിസ്‌ലെക്‌സിയയെ കീഴടക്കിയവർ
ആൽബർട്ട് ഐൻസ്റ്റീൻ, എ.ആർ. റഹ്മാൻ, സച്ചിൻ ടെണ്ടുൽക്കർ
'കുട്ടികളുടെ വൈകല്യങ്ങൾ കണ്ടെത്താനാകുന്നത് അദ്ധ്യാപകർക്കാണ്. എന്റെ പരിമിതികൾ കണ്ടെത്തിയതും അദ്ധ്യാപികയാണ്. സ്കൂളുകളിൽ വൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേകശ്രദ്ധ കൊടുക്കാൻ സംവിധാമുണ്ടാകണം.''
- നിവേദിത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |