തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എല്ലും മറ്റ് സ്വകാര്യ മൊബൈൽ സേവന ദാതാക്കളും ഫോണിലൂടെ നൽകുന്ന കൊവിഡ് ബോധവത്കരണ സന്ദേശം ഉപഭോക്താക്കൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഉപഭോക്താവ് മൊബൈലിലൂടെ മറ്റൊരാളെ വിളിക്കുമ്പോൾ ഏതാണ്ട് ഒരു മിനിട്ടോളം കൊവിഡിന്റെ ബോധവത്കരണ സന്ദേശം കേൾക്കേണ്ടി വരും. അതിനുശേഷമാകും കോൾ അങ്ങേത്തലയ്ക്കൽ കണക്ടാവുക. സ്വകാര്യ മൊബൈൽ കമ്പനികളിലാണെങ്കിൽ കൊവിഡ് സന്ദേശത്തിന് ശേഷം അവരുടെ കോളർ ട്യൂണുകളെ കുറിച്ചുള്ള വിശദീകരണം വേറെയും. ഇതിനും നിരവധി സെക്കന്റുകൾ എടുക്കും. ഇതെല്ലാം കഴിഞ്ഞ് കോൾ കണക്ടാവുമ്പോൾ അത്യാവശ്യ കാര്യം അറിയിക്കാൻ വിളിക്കുന്ന ഉപഭോക്താവ് ക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കും. ഇത് ആദ്യ ഒരു കോളിന് മാത്രമാണെങ്കിൽ സഹിക്കാം. ഒാരോ കോളിനും ഇത് സഹിക്കേണ്ടി വരികയെന്നത് ഭ്രാന്ത് പിടിപ്പിക്കുന്ന തലത്തിലേക്കെത്തിയിരിക്കുന്നതായാണ് ഉപഭോക്താക്കൾ പരാതിപ്പെടുന്നത്.
ബോധവത്കരണത്തെ ആരും എതിർക്കുന്നില്ല. എന്നാൽ, ദിവസം ഒരു ഉപഭോക്താവിന് ആദ്യകോളുകൾക്കോ അല്ലെങ്കിൽ നിശ്ചിത ഇടവേളകൾ നൽകിക്കൊണ്ടോ ഇൗ സന്ദേശം ഉൾപ്പെടുത്തി കുറച്ച് കോളുകൾക്ക് മാത്രമായി ചുരുക്കിയാൽ ആശ്വാസപ്രദമായിരിക്കില്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്. രാജ്യത്തെ ഒരു ദിവസത്തെ കോടിക്കണക്കിന് കോളുകൾ മാത്രം കണക്കിലെടുത്താൽ ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഒരു ദിവസം ഇന്ത്യക്കാരുടെ 1.3 കോടി മണിക്കൂർ അപഹരിക്കുന്നുവെന്നാണ് കണക്ക്. മാത്രമല്ല, ബാൻഡ്‌വിഡ്ത്തിന്റെ ഏറെഭാഗവും ഇതിനായി നഷ്ടമാകുകയും ചെയ്യുന്നു.
ഫോണുകളിലെ കൊവിഡ് സന്ദേശങ്ങൾ നിറുത്തലാക്കണമെന്ന് യുവനടൻ ഷെയിം നിഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇടുക്കി രാജമലയിൽ കഴിഞ്ഞ വർഷമുണ്ടായ മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനത്തിനിടെയും കരിപ്പൂർ വിമാനത്താവളത്തിലെ വിമാനാപകടത്തിനിടെയും അടിയന്തര രക്ഷാപ്രവർത്തനത്തിനായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഓരോതവണയും സന്ദേശം അവസാനിക്കാൻ കാത്തുനിൽക്കേണ്ടി വന്നത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |