തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്കെതിരെ ഉന്നയിച്ച ഗൂഢാലോചന ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെ.എസ്.ഐ.എൻ.സി) എം.ഡിക്കെതിരെ ഉയർന്ന ആരോപണമാണ് അദ്ദേഹം തള്ളിയത്. ഐശ്വര്യ കേരള യാത്രയ്ക്കിടയിൽ തനിക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയത് സ്വതന്ത്റ മത്സ്യത്തൊഴിലാളി യൂണിയൻ നേതാവായ ജാക്സൺ പൊള്ളയിലാണ്.
ഐശ്വര്യ കേരള യാത്രയിലെ ലിസണിംഗ് പരിപാടിയിൽ ആലപ്പുഴയിൽ വച്ചാണ് ഇക്കാര്യം പറഞ്ഞത്. 400 ട്രോളറുകൾക്കും അഞ്ച് മദർഷിപ്പുകൾക്കും വേണ്ടി കരാർ ഒപ്പിട്ടെന്നും തീരപ്രദേശത്ത് വൻ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ വീഡിയോ ദൃശ്യവും കൈവശമുണ്ട്. മാദ്ധ്യമങ്ങൾക്ക് ഇത് നൽകാം. അതിന് ശേഷമാണ് താൻ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. ഇ.എം.സി.സിക്കാർ തന്നെ വന്ന് കണ്ടിട്ടില്ല. മുൻ പ്രൈവറ്റ് സെക്രട്ടറി തനിക്ക് വിവരം തന്നിട്ടില്ല. 5000 കോടിയുടെ സ്വന്തം കരാർ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.എം.സി.സി പ്രതിനിധികൾ തന്നെ വന്ന് കാണുമോയെന്നും അദ്ദേഹം ചോദിച്ചു.
'ഇ.എം.സി.സി കരാർ സംബന്ധിച്ച ഫയൽ പുറത്തു വിടാമോ?"
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സി യുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ ഫയൽ പുറത്തു വിടാൻ മുഖ്യമന്ത്രിയെ താൻ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ട്തവണ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ട ശേഷമാണ് ഫയൽ ഫിഷറീസ് സെക്രട്ടറി ജ്യോതിലാലിന് കൈമാറിയതെന്നും ചെന്നിത്തല ആരോപിച്ചു. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാനും കേരളത്തിന്റെ കടൽ വിൽക്കാനുമാണ് സർക്കാർ തീരുമാനിച്ചത്. കടലിന്റെ മക്കളുടെ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പ്രതിപക്ഷം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്റിയുടെ ഗൂഢപദ്ധതികൾ പൊളിയുന്നത്. ഇ.എം.സി.സി വിവാദത്തിൽ സർക്കാർ ഒളിച്ചുകളി തുടരുകയാണ്. ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് വിവാദത്തിൽപ്പെട്ട മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണം. കരാറിനെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണം.
സെക്രട്ടേറിയറ്റിന് മുന്നിൽ 35 ദിവസത്തോളം സമരം നടത്തിയ ഉദ്യോഗാർത്ഥികളുമായി സർക്കാർ നടത്തിയ ചർച്ച വെറും പ്രഹസനമായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ഇങ്ങനെയൊരു ചർച്ച നടത്തുന്നതിന് എന്ത് പ്രസക്തിയെന്നും ചെന്നിത്തല ചോദിച്ചു.
മന്ത്രി ഫയൽ കാണുന്നതിൽ എന്ത് തെറ്റെന്ന്മേഴ്സിക്കുട്ടി അമ്മ
തിരുവനന്തപുരം: ആഴക്കടൽ ട്രോളിംഗുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തുന്ന ആക്ഷേപം തികച്ചും ആസൂത്രിതമെന്ന് വീണ്ടും ആരോപിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. ഒരു ഫയൽ മന്ത്രി കാണുന്നതിൽ എന്താണ് അസാധാരണത്വമെന്ന് ചോദിച്ച മന്ത്രി, അതിൽ എന്ത് തീരുമാനമെടുത്തുവെന്നതാണ് പ്രധാനമെന്നും വ്യക്തമാക്കി.
അമേരിക്കയിൽ ചർച്ച നടത്തിയെന്ന പ്രചാരവേല തികച്ചും അസംബന്ധമാണെന്ന് വ്യക്തമായപ്പോൾ, രേഖ പുറത്തു വിടുന്നുവെന്നായി. ഇവിടെ വച്ച് നിവേദനം നൽകിയതാണെന്ന് വ്യക്തമാക്കിയപ്പോൾ ഫയൽ കണ്ടുവെന്നായി. ആരെങ്കിലും നിവേദനം നൽകിയാൻ കാണാൻ പാടില്ലേ? ഫിഷറീസ് വകുപ്പിന്റെ ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച നിലപാട് വ്യക്തമാണെന്നിരിക്കെ, നയത്തിന് വിരുദ്ധമായ തീരുമാനമെടുക്കുന്ന പ്രശ്നമില്ല. പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി താനേറ്റെടുക്കുകയാണ്. ഫിഷറീസ് വകുപ്പ് ഇക്കാര്യത്തിലെന്തെങ്കിലും അനുകൂലമായ തീരുമാനമെടുത്തുവെന്ന് തെളിയിക്കാമോ? ഇല്ലെങ്കിൽ ഈ അധമ പ്രചാരവേല ഹീനവും തരംതാണതുമാണ്. ചില കുത്തക മാദ്ധ്യമങ്ങളുടെ പിന്തുണയോടെ ആടിനെ പട്ടിയാക്കുന്ന പണി അവസാനിപ്പിക്കണം.
2019ലെ മത്സ്യ നയത്തിൽ പുറംകടലിൽ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് പറഞ്ഞത്, നിലവിലെ മത്സ്യബന്ധന യാനങ്ങളുടെ സംരക്ഷണം മാത്രമാണ്. മത്സ്യ നയത്തിലെ 2.9 എന്ന ഖണ്ഡിക നീക്കം ചെയ്യണമെന്ന് ബോട്ടുടമ 33 സംഘടനകൾക്കും ഷിബു ബേബിജോണിനും അഭിപ്രായമുണ്ടോയെന്നാരാഞ്ഞിട്ടും പ്രതികരണമില്ല. ഇത്തരം കള്ളക്കളി മത്സ്യത്തൊഴിലാളി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണെങ്കിൽ നടക്കില്ല. മത്സ്യത്തൊഴിലാളികൾ സർക്കാരിന്റെ നല്ല നയങ്ങളുടെ ഗുണഭോക്താക്കളാണ്. പിടിക്കുന്ന മത്സ്യത്തിന് ന്യായവിലയും മത്സ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥാവകാശവും മെച്ചപ്പെട്ട ഭവന സമുച്ചയങ്ങളുമടക്കം നിരവധി പദ്ധതികളാണ് മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നടപ്പാക്കിയതെന്നും മന്ത്രി മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |