തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെ അതിവേഗറെയിൽവേ പാത സമയബന്ധിതമായി തീർക്കുന്നതുൾപ്പെടെ കേരള സമ്പദ് വ്യവസ്ഥയുടെ നിർണായകമായ പതിനാറ് മേഖലകളിൽ വരുത്തേണ്ട മാറ്റങ്ങളും, പ്രധാന ലക്ഷ്യങ്ങളും ഉൾപ്പെടുത്തിയുള്ള വികസന രേഖ പുറത്തിറക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ രാജീവ് ഗാന്ധി വികസന പഠന ഇൻസ്റ്റിറ്റൂട്ടിൽ ഇന്നലെ നടന്ന പ്രതീക്ഷ സെമിനാർ ഇതിന് അന്തിമ രൂപം നൽകി. മുൻ ചീഫ് സെക്രട്ടറി ജിജിതോംസന്റെ നേതൃത്വത്തിലുള്ള സമിതിയാണ് രേഖ തയ്യാറാക്കിയത്.
സാമ്പത്തിക മേഖലയിലെ അപാകതകൾ പരിഹരിക്കുക, ശരിയായ കാർഷിക വികസനം,അനധികൃത ആഴക്കടൽ മത്സ്യബന്ധനം നിരോധിക്കുന്നതിന് 'ബ്ലൂ ഇക്കോണമി' മോഡൽ , തീരദേശ മേഖലയ്ക്ക് സമാന്തരമായി ശീതീകരണ സംവിധാനം , വിദ്യാഭ്യാസ പരിഷ്‌കരണം, ഉൾനാടൻ ജലപാതകളുടെ വികസനം, ഖരമാലിന്യ സംസ്‌കരണത്തിന് ആധുനിക കേന്ദ്രങ്ങൾ, വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് ആധുനിക രീതികൾ , പൂന്തുറയിൽ ഫിഷിങ് ഹാർബർ , എല്ലാ ജില്ലകളിലും പാലിയേറ്റീവ് കെയർ സെന്ററുകൾ , സ്‌പോർട്സ് ഡയറക്ടറേറ്റിയെയും സ്‌പോർട്സ് കൗൺസിലിനെയും ലയിപ്പിച്ച് 'സ്‌പോർട്സ് കേരളം' ,തലസ്ഥാന നഗരവികസനത്തിന് പ്രത്യേക മന്ത്രാലയം എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.
സ്ത്രീകൾക്കായി രണ്ട് ലക്ഷം പൊതുശുചിമുറികൾ , ശുചിമുറികളുടെ ഗുണനിലവാരം സംബന്ധിച്ച സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ എന്നീ നിർദ്ദേശങ്ങളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |