തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം-ആർഎസ്എസ് സംഘർഷം തീർക്കുന്നതിന് മദ്ധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് സംഘ്പരിവാർ സഹയാത്രികനായ ശ്രീ എം. ഇതിനായി രണ്ട് യോഗങ്ങൾ നടത്തി. രണ്ട് യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും പങ്കെടുത്തു. ആർ.എസ്.എസ് നേതാവ് ഗോപാലൻകുട്ടി മാഷ് ഉൾപ്പെടെയുള്ള നേതാക്കളും യോഗത്തിലുണ്ടായിരുന്നുവെന്നും ശ്രീ എം ഒരു മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ശ്രീ എം മദ്ധ്യസ്ഥനായി സി.പി.എമ്മും ആർ.എസ്.എസും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ നേരത്തെ പറഞ്ഞത്.
തിരുവനന്തപുരത്തും കണ്ണൂരുമായിരുന്നു ചർച്ച. രാഷ്ട്രീയ ഉദ്ദേശത്തോടെയായിരുന്നില്ല യോഗങ്ങൾ. കേരള സമൂഹത്തിന്റെ നൻമ മാത്രമായിരുന്നു ലക്ഷ്യം. ഒരു നല്ല കാര്യത്തിന് വേണ്ടിയുള്ള ഇടപെടലായിരുന്നു അത്. വിവേകാനന്ദന്റെ കൃതികളും ദാസ് ക്യാപിറ്റലും വായിക്കുന്നയാളാണ് ഞാൻ. ആർ.എസ്.എസിലും സി.പി.എമ്മിലും പരിചയക്കാരുണ്ട്. എന്നാൽ പിന്നെ ഒരു ശ്രമം നടത്താമെന്നായിരുന്നു ചിന്ത.
ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെ കണ്ടപ്പോൾ സംഘർഷം തീർക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം താൽപര്യം അറിയിച്ചു.പിന്നീട് ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിനെ കണ്ടു. പിന്നീട് കോടിയേരി ബാലകൃഷ്ണനുമായും ഗോപാലൻകുട്ടി മാഷുമായും സംസാരിച്ചു. 2014ൽ സി.പി.എം കണ്ണൂരിൽ സംഘടിപ്പിച്ച യോഗ ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നു. പിണറായി വിജയനും അതിൽ പങ്കെടുത്തിരുന്നു. അന്നാണ് പിണറായി വിജയനെ ആദ്യമായി പരിചയപ്പെടുന്നതെന്നും താൻ ഒരു പാർട്ടിയുടെയും ആളല്ലെന്നും ശ്രീ എം പറഞ്ഞു.
ആർ.എസ്.എസ് മുഖപ്രസിദ്ധീകരണമായ ഓർഗനൈസറുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ശ്രീ എം വ്യക്തമാക്കി. അവിടെ ജോലി ചെയ്തിട്ടില്ല. മുമ്പ് ഓർഗനൈസറിലുണ്ടായിരുന്ന മലയാളി ബാലശങ്കറിനെ അറിയാമായിരുന്നു. ഓർഗനൈസർ പത്രാധിപർ മൽക്കാനിയെയും പരിചയപ്പെട്ടു. ഇടയ്ക്ക് ചില ലേഖനങ്ങൾ ഓർഗനൈസറിൽ എഴുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം-ആർഎസ്എസ് ചർച്ചയ്ക്ക് ശ്രീ എം ഇടനില നിന്നുവെന്ന് പറയുന്നവർ എവിടെവെച്ച്, ഏത് ഹോട്ടലിൽവെച്ചെന്ന് പറയണമെന്ന് എം.വി. ഗോവിന്ദൻ നേരുത്തെ ആവശ്യപ്പെട്ടിരുന്നു. വർഷങ്ങളായി ശ്രീ എം ഇന്ത്യയിലും കേരളത്തിലും മതനിരപേക്ഷതയുടെ പ്രതീകമായി പ്രവർത്തിക്കുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് എന്തും പറയാം. വർഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷവാദിയായ അദ്ദേഹത്തെ കുറിച്ച് പലതും പറയുമെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |