വോട്ടിനായി ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമെന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കളം ചൂടുപിടിക്കുന്നതിനിടെ കിഫ്ബി വീണ്ടും വിവാദ കേന്ദ്രമാകുന്നു. കിഫ്ബിക്കെതിരെ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പ്രഖ്യാപിച്ച അന്വേഷണം രാഷ്ട്രീയകക്ഷികൾ ഏറ്റുപിടിച്ചതോടെയാണിത്. ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് ലാക്കാക്കിയും കേരളത്തിന്റെ വികസനം അട്ടിമറിക്കാനും ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നീക്കമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
കിഫ്ബിക്കെതിരായ സി.എ.ജി വിമർശനം ചൂടേറിയ ചർച്ചയായതാണ്. സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് ധനമന്ത്രി ചോർത്തിയെന്ന പ്രതിപക്ഷ ആരോപണവും ധനമന്ത്രിയെ പ്രിവിലജസ് കമ്മിറ്റി വിളിപ്പിച്ചതും സഭാചരിത്രത്തിലെ അപൂർവതകളായി. സഭാസമിതി മന്ത്രിയെ കുറ്റമുക്തനാക്കിയതോടെ അടങ്ങിയ വിവാദമാണ് ഇ.ഡി അന്വേഷണത്തോടെ വീണ്ടും ചൂടാവുന്നത്. അതിനിടയിലും കിഫ്ബി വഴി നടപ്പാക്കിയ വികസനം പരമാവധി ചർച്ചയാക്കാനാണ് സി.പി.എമ്മിന്റെ ശ്രമം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെ ഇടപെടൽ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് ആരോപിച്ചു. ഇ.ഡിയെ നിയന്ത്രിക്കുന്ന കേന്ദ്ര ധനമന്തി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം കിഫ്ബിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തിയതിന്റെ തുടർച്ചയായാണ് തിടുക്കത്തിൽ ഇ.ഡി അന്വേഷണവുമായെത്തിയത്. ധനമന്ത്രിയുടെ നടപടി അധികാര ദുർവിനിയോഗം വഴി തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനാണ്. എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾക്കൊപ്പം കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾ നിൽക്കുന്നതാണ് ബി.ജെ.പിയെയും കോൺഗ്രസിനെയും അസ്വസ്ഥമാക്കുന്നത്. കേരളത്തിലെ വികസനക്കുതിപ്പിന് പിന്നിലെ ചാലകശക്തി കിഫ്ബിയാണ്. അതുകൊണ്ടാണ് ഇവർ കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നത്. ഇത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇത് കേരള ജനത സമ്മതിക്കില്ല.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ കേന്ദ്ര അന്വേഷണ ഏജൻസികളേയും ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ നടത്തിയ നീക്കത്തിന് ജനങ്ങൾ ചുട്ട മറുപടി നൽകിയതാണ്. അതിൽ നിന്ന് പാഠം പഠിക്കാതെ ബി.ജെ.പി വീണ്ടും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. കേരളത്തോട് ശത്രുതാപരമായി പെരുമാറുന്ന ബി.ജെ.പിയെ വികസനം ആഗ്രഹിക്കുന്ന ജനങ്ങൾ ഒറ്റപ്പെടുത്തും. കേരളത്തിന്റെ വികസനം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ യു.ഡി.എഫ് പിന്തുണയ്ക്കുകയാണ്. കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെതിരെ ശക്തമായി നീങ്ങുന്നില്ലെന്ന രാഹുൽഗാന്ധിയുടെ ആവലാതി കോൺഗ്രസ് ബി.ജെ.പി കൂട്ടുകെട്ടിന്റെ തെളിവാണെന്നും സി.പി.എം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |