അടുത്തിടെ നാസയുടെ പെഴ്സിവീയറൻസ് പേടകം ചൊവ്വയിലിറങ്ങിയത് വൻ വാർത്തയായിരുന്നു. പെഴ്സിവീയറൻസിന്റെ റോവർ ചൊവ്വയിൽ ഇറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നാസ പുറത്തുവിടുകയും ചെയ്തിരുന്നു. ഒപ്പം റോവറിനെ ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കിയ ചുവപ്പും വെള്ളയും നിറത്തോട് കൂടിയ പാരഷൂട്ടിൽ ഒരു സന്ദേശം മറഞ്ഞിരിക്കുന്നതായി നാസ അറിയിച്ചിരുന്നു. ഫെബ്രുവരി 22ന് പുറത്തുവിട്ട വീഡിയോയിൽ നിന്ന് അധികം വൈകാതെ തന്നെ ഇന്റർനെറ്റ് ലോകം ആ രഹസ്യം കണ്ടെത്തുകയും ചെയ്തു.
പാരഷൂട്ടിന്റെ പാറ്റേണിലാണ് ആ സന്ദേശം മറഞ്ഞിരുന്നത്. ബൈനറി പാറ്റേണിലുള്ള രഹസ്യ കോഡായിരുന്നു അത്. പാരഷൂട്ടിന്റെ ചുവപ്പും വെളുപ്പും വരകളും വളയങ്ങളിലുമാണ് ബൈനറി കോഡ് ഒളിഞ്ഞിരുന്നത്. കംമ്പ്യൂട്ടർ കോഡ് വിദഗ്ദ്ധർക്ക് നിമിഷ നേരം കൊണ്ട് ഇത് കണ്ടെത്താൻ സാധിക്കുമായിരുന്നു.
' Dare mighty things' എന്നാണ് ബൈനറി കോഡിൽ നാസ ഒളിപ്പിച്ച രഹസ്യ സന്ദേശം. യു.എസ് മുൻ പ്രസിഡന്റ് തിയഡോർ റൂസ്‌വെൽറ്റിന്റെ വാക്കുകളാണിത്. പ്രത്യേക രീതിയിൽ വിന്യസിച്ച പാരഷൂട്ടിലെ വരകളിലും പാറ്റേണിലുമാണ് ഈ വാക്യം മറഞ്ഞിരുന്നത്. ആറ് മണിക്കൂർ കൊണ്ടാണ് ഇന്റർനെറ്റ് ലോകം ഈ രഹസ്യം കണ്ടെത്തിയതെന്ന് പെഴ്സിവീയറൻസ് ചീഫ് എൻജിനിയർ ആഡം സ്റ്റെൽറ്റ്സ്നർ പറഞ്ഞു. നാസയിലെ ഏതാനും പേർക്ക് മാത്രമായിരുന്നു പാരഷൂട്ടിലെ രഹസ്യ സന്ദേശത്തെ പറ്റി അറിവുണ്ടായിരുന്നത്.
ബഹിരാകാശ ദൗത്യങ്ങളിൽ, പ്രത്യേകിച്ച് ചൊവ്വാദൗത്യങ്ങളിൽ നാസ ഇത്തരത്തിലുള്ള രഹസ്യ സന്ദേശങ്ങൾ ഒളിപ്പിക്കുന്ന പതിവുണ്ട്. നേരത്തെ ക്യൂരിയോസിറ്റി പേടകത്തിന്റ വീലുകളിൽ മോർസ് കോഡുപയോഗിച്ച് 'JPL' എന്ന സന്ദേശം നാസ എഴുതിച്ചേർത്തത് ഏറെ ശ്രദ്ധനേടിയിരുന്നു.
കഴിഞ്ഞ മാസം 19 ന് ഇന്ത്യൻ സമയം പുലർച്ചെ 2.28നാണു പെഴ്സിവീയറൻസ് റോവർ ചൊവ്വയിലെ വടക്കൻ മേഖലയായ ജെസീറോ ക്രേറ്ററിൽ ഇറങ്ങിയത്. ജെസീറോയിൽ ജീവന്റെ തെളിവുകൾ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്ടറും റോവറിന്റെ ഭാഗമാണ്. 2020 ജൂലായ് 30നു വിക്ഷേപിച്ച ദൗത്യം ഏഴ് മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് ചൊവ്വയിലെത്തിയത്. ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സിവീയറൻസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |