
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക രംഗത്തും സംരംഭകത്വ മേഖലയിലും പുതിയ ദിശാബോധം നൽകാനുതകുന്നതാണ് സി.എസ്.ഐ.ആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.ഐ.എസ്.ടി) വിഭാവനം ചെയ്ത പുതിയ ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബെന്ന് സി.എസ്.ഐ.ആർ ഡയറക്ടർ ജനറൽ ഡോ. കലൈ ശെൽവി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ- 360 ലൈഫ് സയൻസ് പാർക്കിൽ 10 ഏക്കറിലായാണ് സെന്റർ നിർമ്മിക്കുക. ഗവേഷണ സ്ഥാപനം എന്നതിലുപരി യുവതലമുറയ്ക്കും സ്റ്റാർട്ടപ്പുകൾക്കും തങ്ങളുടെ ആശയങ്ങൾ ലോകനിലവാരമുള്ള ഉത്പന്നങ്ങളാക്കി മാറ്റാനുള്ള വലിയൊരു പ്ലാറ്റ്‌ഫോമാണിതെന്നും അവർ പറഞ്ഞു.
ആയുർവേദ മേഖലയിലെ ശാസ്ത്രീയമായ സ്ഥിരീകരണത്തിനും ഗവേഷണത്തിനുമായി സെന്റർ ഒഫ് എക്സലൻസ്, പരിസ്ഥിതി സൗഹൃദപരമായ പാക്കേജിംഗ് രീതികൾ വികസിപ്പിക്കുക, കയർ, റബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ മൂല്യവർദ്ധന, മലിനജലത്തിൽ നിന്ന് സൗരോർജ്ജം ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പൈലറ്റ് പ്ലാന്റ്, ജൈവ സൗഹൃദ ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിങ്ങനെ അഞ്ചു പ്രധാന മേഖലകളിലാകും ഹബ്ബിന്റെ പ്രവർത്തനം. എം.എസ്.എം.ഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും അനുകൂലമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യം. വികസന സ്വപ്നങ്ങളിലേക്ക് കേരള സർക്കാരിന്റെ പൂർണ പിന്തുണയോടെ നടപ്പിലാക്കുന്ന 'വികസിത് ഭാരത് 2047" എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണിതെന്ന് ഡയറക്ടർ ഡോ. സി.അനന്തരാമകൃഷ്ണൻ പറഞ്ഞു.
വിപണിയിലെത്തിക്കാൻ സഹായം
പരീക്ഷണശാലയിൽ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകൾ വേഗത്തിൽ വാണിജ്യവത്കരിക്കാനും വിപണിയിലെത്തിക്കാനും കേന്ദ്രം സഹായിക്കും. അത്യാധുനിക മെഷീനുകൾ കൈകാര്യം ചെയ്യാനും സാങ്കേതിക നൈപുണ്യം വർദ്ധിപ്പിക്കാനും യുവസംരംഭകർക്ക് പരിശീലനം നൽകും. സംരംഭകത്വ മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കാനും അവർക്ക് ആവശ്യമായ പിന്തുണ നൽകാനും പ്രത്യേക പദ്ധതികൾ ഹബ്ബിന്റെ ഭാഗമായുണ്ടാകും. കേരളത്തിന്റെ തനതായ പ്രകൃതിവിഭവങ്ങളെ ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുന്നതിലൂടെ വൻതോതിലുള്ള തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |