തിരക്ക് ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ
തിരുവനന്തപുരം : മുതിർന്നവർക്കും മറ്റുരോഗങ്ങളുള്ള 45വയസിന് മുകളിൽ പ്രായമുള്ളവർക്കുമായി വാക്‌സിനേഷൻ ആരംഭിച്ചതോടെ സംസ്ഥാനത്തെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിക്കും തിരക്കും.
മൂന്നാംഘട്ട വാക്‌സിനേഷൻ ഈ മാസം ഒന്നിനാണ് ആരംഭിച്ചത്. വാക്‌സിനേഷന് ബുക്ക് ചെയ്യുമ്പോൾ രാവിലെ 9നും 5നും ഇടയിൽ എത്താൻ സന്ദേശം ലഭിക്കുമെങ്കിലും ഇതിൽ ഏത് സമയത്ത് എത്തണമെന്ന് നിശ്ചയിച്ചു നൽകുന്നില്ല. ഇതോടെ പല സമയത്തും ആളുകൾ കൂട്ടത്തോടെ എത്താൻ തുടങ്ങി. ആദ്യരണ്ടു ദിവസം ബുക്ക് ചെയ്തവർക്ക് ഒരു ദിവസം വൈകി സന്ദേശം ലഭിച്ചതും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കിന് ഇടയാക്കി. കൂടുതൽ പേർ ബുക്ക് ചെയ്ത തലസ്ഥാന ജില്ലയിൽ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ബുധനാഴ്ച വരെ പുതിയ രജിസ്ട്രേഷൻ നിറുത്തി വച്ചു. പകരം കൂടുതൽ ആശുപത്രികളെ സജ്ജമാക്കും.തിരക്ക് കുറയ്ക്കാൻ സ്‌പോട്ട് രജിസ്‌ട്രേഷനിൽ ടോക്കൺ നടപ്പാക്കാനും നിർദ്ദേശമുണ്ട്. ഓൺലൈൻ അപ്പോയിന്റ്മെന്റ് എടുത്തവരോട് വാക്‌സിനേഷൻ കേന്ദ്രത്തിൽ ടോക്കൺ എടുക്കാൻ ആവശ്യപ്പെടരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കൊവിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നും മിക്ക ജില്ലകളിലും ബുക്കിംഗിനായി ഓൺലൈൻ സ്ലോട്ടുകൾ ലഭ്യമല്ലെന്നും പരാതിയുണ്ട്. ഇത് പരിഹരിക്കണമെന്ന് ആരോഗ്യവകുപ്പ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
മൂന്നാംഘട്ടത്തിൽ 30,061പേർ
സംസ്ഥാനത്ത് ഇതുവരെ അറുപത് വയസിന് മുകളിലുള്ളവരും 45 വയസിന് മുകളിൽ പ്രായമുള്ള മറ്റ് അസുഖമുള്ളവരുമായ 30,061പേർക്ക് വാക്‌സിൻ നൽകിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 3,47,801ആരോഗ്യ പ്രവർത്തകർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 1,31,143ആരോഗ്യ പ്രവർത്തകർ രണ്ട് ഡോസും സ്വീകരിച്ചു. 91,916 മുന്നണി പോരാളികൾക്കും 1,14,243തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകി. ആരും തിരക്ക് കൂട്ടരുതെന്നും സംസ്ഥാനത്ത് നിലവിൽ വാക്‌സിൻ ക്ഷാമമില്ലെന്നും ഈമാസം 9ന് 21 ലക്ഷം ഡോസ് വാക്സിനുകൾ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |