SignIn
Kerala Kaumudi Online
Thursday, 17 September 2026 12.31 AM IST

പ്രളയസഹായം സർക്കാർ കേസിൽ കുടുക്കിയത് മനുഷ്യത്വരഹിതം: ഉമ്മൻചാണ്ടി

oomen-chandy

തിരുവനന്തപുരം: പ്രളയബാധിതർക്ക് സമയബന്ധിതമായി ദുരിതാശ്വാസം വിതരണം ചെയ്യാൻ പെർമനന്റ് ലോക്‌അദാലത്തിനെ ചുമതലപ്പെടുത്തിയ 2019 ലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

ഫയലിൽ സ്വീകരിച്ച് നമ്പരിട്ട 18,000 അപേക്ഷകളാണ് എറണാകുളം പി.എൽ.എയിൽ മാത്രം കെട്ടിക്കിടക്കുന്നത്. നമ്പർ നല്കാത്ത പതിനായിരക്കണക്കിന് അപേക്ഷകൾ വേറെയുണ്ട്. കോട്ടയം, ആലപ്പുഴ, ചാലക്കുടി, ഇടുക്കി തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലെ ലീഗൽ എയ്ഡ് സെല്ലുകളിലും കെട്ടുകണക്കിന് അപേക്ഷകളുണ്ട്.

പരാതികൾ കൈകാര്യം ചെയ്യാൻ സംവിധാനമേർപ്പെടുത്താത്തതിനാൽ പിന്നീട് അപേക്ഷ വാങ്ങുന്നത് നിറുത്തിവച്ചു.

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കോർട്ട് ഫീ സ്റ്റാമ്പുപോലുമില്ലാതെ അപേക്ഷിക്കാനും അതിവേഗം നഷ്ടപരിഹാരം ലഭിക്കുന്നതിനുമാണ് ഹൈക്കോടതി പി.എൽ.എയെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ആദ്യം അപേക്ഷിക്കണ്ടത് ഡെപ്യൂട്ടി കളക്ടർക്കും (ദുരന്തനിവാരണം) ഒന്നാം അപ്പീൽ നൽകേണ്ടത് ജില്ലാ കളക്ടർക്കുമാണ്. ഇത് നിരസിച്ചാൽ പി.എൽ.എയെ സമീപിക്കാം. രാഷ്ട്രീയപരിഗണന ഉൾപ്പെടെയുള്ള കാരണങ്ങളാൽ നിരസിക്കപ്പെട്ട അപേക്ഷകളുടെ കൂമ്പാരമാണ് പി.എൽ.എയിൽ.

സുപ്രീംകോടതിയിൽ നല്കിയ സ്പെഷ്യൽ ലീവ് പെറ്റിഷൻ പിൻവലിച്ചും പി.എൽ.എയ്ക്ക് കൂടുതൽ ജീവനക്കാർ ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തിയും പ്രളയ ദുരിതാശ്വാസം നല്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OOMMEN CHANDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA