തിരുവനന്തപുരം: തുടർച്ചയായി രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടവർക്ക് സീറ്റ് നൽകേണ്ടെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിൽ ധാരണ. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്കും സീറ്റുണ്ടാകില്ല. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കുമായി നീക്കി വയ്ക്കുമെന്നും സമിതി അദ്ധ്യക്ഷൻ ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിറ്റിംഗ് എം.എൽ.എമാർക്കെല്ലാം സീറ്റുണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാവില്ല.. ജയസാദ്ധ്യതയുടെ അടിസ്ഥാനത്തിലാവും തീരുമാനം. യു.ഡി.എഫ് പ്രകടനപത്രികയുടെ കരടിന് ഇന്ന് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗം അംഗീകാരം നൽകും. യു.ഡി.എഫിൽ ചർച്ച ചെയ്ത് രണ്ട് ദിവസത്തിനകം പുറത്തിറക്കും.
സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള സ്ക്രീനിംഗ് സമിതി ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്ത് ചേരും. തുടർ ചർച്ചകൾ ഡൽഹിയിലായിരിക്കും. സ്ഥാനാർത്ഥി പട്ടികയിൽ ഓരോ മണ്ഡലത്തിലെയും പാനലാണ് ഹൈക്കമാൻഡിന് സമർപ്പിക്കുക. സ്ക്രൂട്ടിനി കമ്മിറ്റിയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും ചേർന്നാവും അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുക. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായുണ്ടാകും. തീയതിയും പങ്കെടുക്കുന്ന സമ്മേളനങ്ങളും അടക്കമുള്ള വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പന്തളത്തെയും ലിജുവിനെയും ഒഴിവാക്കാനെന്ന് ആക്ഷേപം
തുടർച്ചയായി രണ്ട് തവണ തോറ്റവരെ നിയമസഭാ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കാനുള്ള കോൺഗ്രസിന്റെ പുതിയ മാനദണ്ഡം പ്രഹസനമെന്ന് ആക്ഷേപം.
അത്തരത്തിൽ മൂന്ന് പേരേ സംസ്ഥാന കോൺഗ്രസിലുള്ളൂ. മുൻ മന്ത്രി പന്തളം സുധാകരൻ, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം. ലിജു, പി.ടി. അജയമോഹൻ എന്നിവർ. ഇവരിൽ അജയമോഹൻ മത്സരിക്കാനില്ലെന്നറിയിച്ചതായാണ് വിവരം. പന്തളം സുധാകരനെയും ലിജുവിനെയും വെട്ടുകയാണ് ലക്ഷ്യമെന്ന് പറയുന്നു..അതേ സമയം, ഏഴും എട്ടും തവണ മത്സരിക്കുകയും ഒന്നിലേറെ തവണ തോൽക്കുകയും ചെയ്ത മുതിർന്ന നേതാക്കൾ സുരക്ഷിതരാവുകയുമാണ്. തുടർച്ചയായി തോറ്റില്ലെന്ന പഴുതാണ് ഇവർക്ക് തുണയാവുന്നത്. തിരുവനന്തപുരം ജില്ലയിൽ തന്നെ ഒന്നിലേറെ മുതിർന്ന നേതാക്കൾ ഈ ഗണത്തിൽ വരും.
പന്തളം സുധാകരനെ ചിറയിൻകീഴിലേക്കും, ലിജുവിനെകായംകുളം, ആലപ്പുഴ മണ്ഡലങ്ങളിലേക്കും പരിഗണിക്കുന്നതായി പ്രചരിക്കുന്നതിനിടെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ പുതിയ വ്യവസ്ഥ . കോൺഗ്രസിൽ താഴെത്തട്ടിൽ ഇതേച്ചൊല്ലി അമർഷം കനക്കുന്നു.
ജോസഫുമായി തർക്കം തീർന്നില്ല
തൊണ്ണൂറോളം മണ്ഡലങ്ങളിലെ കോൺഗ്രസിന്റെ കരട് സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടികയ്ക്ക് ഏകദേശ രൂപമായെങ്കിലും, യു.ഡി.എഫിലെ സീറ്റ് വിഭജനം ഇന്നലെയും പൂർത്തിയാക്കാനായില്ല.
ഓരോ സീറ്റിലേക്കും ഒന്നിലേറെ പേരുകൾ ഉൾപ്പെട്ട പാനലാണ് കോൺഗ്രസ് തയാറാക്കിയത്. വിജയസാദ്ധ്യതയാണ് മുഖ്യ മാനദണ്ഡമെന്നാണ് നേതൃത്വം പറയുന്നത്.ഏറ്റുമാനൂർ സീറ്റിനാണ് ജോസഫ് വിഭാഗത്തിന്റെ കടുംപിടിത്തം . മൂവാറ്റുപുഴയുടെ കാര്യത്തിൽഅത്ര കടുംപിടിത്തമില്ല. ഏറ്റുമാനൂരിനായി കോൺഗ്രസും ശക്തമായി വാദിക്കുന്നു. കാഞ്ഞിരപ്പള്ളിയും ഏറ്റുമാനൂരും വേണമെന്നവർ പറയുന്നു. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും നൽകാൻ ജോസഫ് ഒരുക്കമാണെങ്കിലും, ഏറ്റുമാനൂരിന്റെ കാര്യത്തിൽ അങ്ങനെയില്ല. ഇതിൽത്തട്ടിയാണ് ചർച്ച വഴിമുട്ടിയത്.
സീറ്റ് വിഭജനത്തിൽ ഘടകകക്ഷികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണെന്ന് ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നത്തോടെ സീറ്റ് വിഭജനം പൂർത്തിയാവും.കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിന് നൽകേണ്ട സീറ്റുകളുടെ കാര്യത്തിലും പാർട്ടിക്ക് വ്യക്തതയുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |