എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നിയിൽ എന്നും ജ്വലിച്ചുനിൽക്കുന്ന കഥാപാത്രമാണ്
ഗീത അവതരിപ്പിച്ച ഇന്ദിര
നക്സൽ പ്രവർത്തകയായ ഇന്ദിര. രണ്ടാഴ്ചത്തെ പരോൾ അനുവദിച്ചതോടെ ഇന്ദിര പുറത്തിറങ്ങി. സ്ഥലത്തെ ജന്മിയായ അവറാച്ചനെ കൊല ചെയ്ത കുറ്റത്തിനാണ് ജയിലിൽ കഴിയുന്നത്. മലയാള സിനിമയുടെ മുറ്റത്തേക്ക് ഇന്ദിര ഇറങ്ങിയിട്ട് മുപ്പത്തിയഞ്ച് വർഷം കഴിഞ്ഞു. എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നിയിൽ എന്നും ജ്വലിച്ചുനിൽക്കുന്ന കഥാപാത്രമാണ് ഗീത അവതരിപ്പിച്ച ഇന്ദിര. ഗീതയുടെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രം. സമൂഹത്തിനു മുൻപിൽ തോൽക്കാതെ എല്ലാ വെല്ലുവിളികളെയും നേരിട്ട ഇന്ദിര എം.ടിയുടെ പേനയിൽ നിന്നു പിറന്നുവീണ മികച്ച കഥാപാത്രമായി ഇപ്പോഴും യാത്ര തുടരുന്നു. മറുനാട്ടുകാരിയായ ഗീത മലയാളത്തിൽ അഭിനയിച്ച മൂന്നാമത് സിനിമയാണ് പഞ്ചാഗ്നി. മലയാള സിനിമയിലെ ഒരു വഴിത്തിരിവായിരുന്നു നായിക പ്രാധാന്യമുള്ള പഞ്ചാഗ്നി എന്നാണ് പുതിയ കാലത്തും വിശേഷിപ്പിക്കുന്നത്. പഞ്ചാഗ്നിക്കുശേഷം മികച്ച ഒരു കഥാപാത്രം ലഭിച്ചത് ഒരു വടക്കൻ വീരഗാഥയിലായിരുന്നുവെന്ന് ഗീത ഓർക്കുന്നു. എന്നാൽ പഞ്ചാഗ്നിയിലെ ഇന്ദിരയ്ക്ക് ഒപ്പം നിൽക്കുന്ന കഥാപാത്രം ഇനി വരുമെന്ന് ഗീത പ്രതീക്ഷിക്കുന്നില്ല.
ഒ.എൻ.വിയുടെ വരികൾക്ക് ബോംബെ രവി ഈണം നൽകിയ 'സാഗരങ്ങളേ" എന്നു തുടങ്ങുന്ന ഗാനം സ്ക്രീനിൽ തെളിയുമ്പോൾ മലയാളികൾ കണ്ടുപരിചയമില്ലാത്തൊരു മോഹൻലാൽ മുഖം തെളിയും. മീശയൊന്നുമില്ലാത്തൊരു മോഹൻലാൽ മുഖം. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു പഞ്ചാഗ്നിയിലെ റഷീദ്. എന്നാൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തും മനസിൽ കണ്ടത് മറ്റൊരു താരത്തെയായിരുന്നു. ബോളിവുഡ് നടൻ നസിറുദ്ദീൻഷാ. പഞ്ചാഗ്നിയുടെ കഥ പൂർത്തിയായപ്പോൾ എം.ടി. ഹരിഹരനോട് പറഞ്ഞിരുന്നുഅതിലൊരു പത്രപ്രവർത്തകന്റെ വേഷമുണ്ടെന്ന് . ചെറിയ വേഷമാണ്. പതിവിൽ നിന്നു വ്യത്യസ്തമായി ആരെങ്കിലും ചെയ്യുകയാണ് നല്ലതെന്ന് ഹരിഹരനും തോന്നി. എം.ടിയോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും സന്തോഷം.
സംഗീതം ബോംബെ രവിയെ ഏല്പിക്കാൻ ബോംബെയിൽ പോയപ്പോൾ നസിറുദ്ദീൻ ഷായെ കണ്ടു. അഡ്വാൻസും കൊടുത്തു. വളരെ സന്തോഷത്തോടെയാണ് ഷാ മലയാളത്തിൽ അഭിനയിക്കാൻ വരാമെന്നേറ്റു. എന്നാൽ ആ സമയത്താണ് നിർമ്മാതാവ് വിജയകുമാർ വിളിക്കുന്നത്. മോഹൻലാലിന് എം.ടി - ഹരിഹരൻ ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് വിജയകുമാർ പറഞ്ഞു. ഹരിഹരനെ കാണാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു. അപ്പോഴേക്കും താരനിർണയം ഏകദേശം പൂർത്തിയായിരുന്നു. അടുത്ത ദിവസം മോഹൻലാൽ ഹരിഹരനെ വിളിച്ചു. എന്തുകൊണ്ട് ലാലിനൊരു വേഷം കൊടുത്തുകൂടാ എന്നു ഹരിഹരൻ ചിന്തിച്ചു.എം.ടിയോട് ഇക്കാര്യം സൂചിപ്പിച്ചു. പത്രപ്രവർത്തകന്റെ വേഷം നൽകാമെന്ന് ഹരിഹരൻ പറഞ്ഞു. ഷായ്ക്ക് അടുത്ത ഏതെങ്കിലും ചിത്രത്തിൽ അവസരം നൽകാനും തീരുമാനിച്ചു.
മോഹൻലാലിന്റെ പതിവുവേഷത്തിൽ നിന്ന് എന്തെങ്കിലും വ്യത്യാസം വേണമെന്ന് ഹരിഹരൻ ചിന്തിച്ചു. അങ്ങനെയാണ് മോഹൻലാലിനോട് മീശയെടുക്കാൻ പറഞ്ഞത്.
ആദ്യം എം.ടി ചെറിയ റോളായിരുന്നു എഴുതിയിരുന്നത്. പിന്നീടത് വികസിപ്പിച്ചു. മോഹൻലാൽ നായക നിരയിലേക്ക് ഉയർന്നു. ചിത്രത്തിൽ തിലകന്റെ രാമേട്ടനും വളരെ വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു.മുംബയ് അധോലോകത്തെക്കുറിച്ച് നന്നായി പഠിച്ചൊരു പത്രപ്രവർത്തകനായിരുന്നു രാമചന്ദ്രൻ എന്ന മലയാളി. അധോലോക നായകൻമാരും ഭരണാധികാരികളും ഒരേപോലെ പേടിച്ചിരുന്നു. ഒരിക്കൽ മുംബയിൽ വച്ച് എം.ടി അദ്ദേഹം പരിചയപ്പെട്ടിരുന്നു. ഇദ്ദേഹത്തെ എം.ടി പഞ്ചാഗ്നിയിലേക്ക് കൊണ്ടുവരികയും തിലകൻ ആ കഥാപാത്രത്തിന് ജീവൻ നൽകുകയും ചെയ്തു.
നഖക്ഷതങ്ങൾ പോലെ പഞ്ചാഗ്നിയും ഹരിഹരന്റെ നിർമ്മാണ കമ്പനിയായ ഗായത്രി ഫിലിംസ് ആണ് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. അതിനുള്ള ഒരുക്കങ്ങൾക്കിടെയാണ് എം.ടി ഹരിഹരനെ വിളിക്കുന്നത്. വിജയകുമാർ സെവൻ ആർട്സ് എന്ന നിർമ്മാണ കമ്പനി തുടങ്ങുന്നു. ഒരു ചിത്രം അദ്ദേഹത്തിന് വേണം. പഞ്ചാഗ്നി വിജയകുമാറിന് നൽകി.പഞ്ചാഗ്നിയും നഖക്ഷതങ്ങളും . ആദ്യത്തേത് താരസമ്പന്നമായ ചിത്രമായിരുന്നെങ്കിൽ നഖക്ഷതങ്ങൾ പുതുമുഖങ്ങൾ നായകരായ ചിത്രം. 1986 ഫെബ്രുവരി ഒന്നിന് പഞ്ചാഗ്നി റിലീസ് ചെയ്തു. ദേവൻ, നെടുമുടി വേണു, മുരളി, ചിത്ര, പ്രതാപ്ചന്ദ്രൻ, സോമൻ, ലളിതശ്രീ, നെടുമുടി വേണു, ബാബു ആന്റണി, മേഘനാഥൻ എന്നിവരാണ് മറ്റു താരങ്ങൾ.ഷാജി എൻ. കരുണായിരുന്നു ഛായാഗ്രാഹകൻ. കലാസംവിധാനം എസ്. കൊന്നക്കാട്ടും. ഒ.എൻ.വിയുടെ എക്കാലത്തെയും മികച്ച ഗാനരചനയായിരുന്നു പഞ്ചാഗ്നിയിലേത്. അതിനു അർഹിക്കുന്ന സംഗീതം തന്നെ ബോംബെ രവി നൽകി. യേശുദാസ് പാടിയ സാഗരങ്ങളെ , ചിത്ര പാടിയ ആ രാത്രി മാഞ്ഞുപോയി എന്നീ പാട്ടുകൾ എവർഗ്രീൻ ഹിറ്റാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |