ലോസാഞ്ചൽസ്: സാൻഡിയാഗോ മൃഗശാലയിലെ ഒമ്പത് ആൾക്കുരങ്ങുകൾ കൊവിഡ് 19 പ്രതിരോധ വാക്സിൻ കുത്തിവയ്‌പെടുത്തു. ലോകത്താദ്യമായി വാക്സിൻ സ്വീകരിക്കുന്ന മനുഷ്യേതര ജീവികളാണിവരെന്ന് കാലിഫോർണിയ മൃഗശാല അധികൃതർ അറിയിച്ചു.
നാല് ഒറാങ്ഉട്ടാനുകൾ, അഞ്ച് ബോനോബോസ് ( ഒരു തരം ചിമ്പാൻസികൾ) എന്നിവർക്കാണ് രണ്ട് ഡോസ് വാക്സിൻ കുത്തിവച്ചത്. പ്രമുഖ വെറ്റിനറി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സോയിറ്റിസ് മൃഗങ്ങൾക്കായി പ്രത്യേകമായി നിർമ്മിച്ച വാക്സിനാണ് പരീക്ഷണ അടിസ്ഥാനത്തിൽ നല്കിയത്.
കഴിഞ്ഞ ജനുവരിയിൽ മൃഗശാലയിലെ ജീവനക്കാരിൽ നിന്ന് എട്ട് ഗോറില്ലകൾ കൊവിഡ് ബാധിച്ചിരുന്നു. വലിയ കുരങ്ങുകളിലേക്ക് വൈറസ് സ്വാഭാവികമായി പകരുന്ന ആദ്യത്തെ കേസാണിത്. മാസ്ക് അടക്കമുള്ള സംരക്ഷണ കവചങ്ങൾ ഉപയോഗിച്ചിട്ടും രോഗലക്ഷണമില്ലാത്ത ജീവനക്കാരിൽ നിന്ന് ഗൊറില്ലയിലേക്ക് രോഗാണുക്കൾ പടരുകയായിരുന്നുവെന്നാണ് വിവരം.
തുടർന്നാണ് വലിയ ആൾക്കുരങ്ങുകളെ രോഗത്തിൽ നിന്ന് സംരക്ഷിക്കാനായി വാക്സിൻ കുത്തിവയ്ക്കാൻ അനുമതി നല്കിയത്.
പരീക്ഷണ ഡോസ് മികച്ചതാണെന്നും ഇത് ശാസ്ത്രത്തിന്റെ വിജയമാണെന്നും മൃഗശാല അധികൃതർ പ്രതികരിച്ചു.
വാക്സിൻ നല്കിയ ഒറാങ്ഉട്ടാനുകളിൽ, ലോകത്തിലെ ആദ്യത്തെ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ 'കാരെനും' ഉൾപ്പെടുന്നു.
വാക്സിൻ മുമ്പ് പൂച്ചകളിലും നായ്ക്കളിലും പരീക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |