കൊച്ചി :നയതന്ത്ര ചാനൽ സ്വർണക്കടത്തു കേസും ഡോളർ കടത്തു കേസും ഒരിടവേളയ്ക്കു ശേഷം വീണ്ടും സജീവമായി. കിഫ്ബി ഇടപാടുകളിൽ ഇ.ഡിയും പിടിമുറുക്കുന്നതോടെ തിരഞ്ഞെടുപ്പു കാലം സർക്കാരിന് അഗ്നിപരീക്ഷയാകും. രണ്ടു കേസുകളിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം ലഭിച്ചതോടെ അന്വേഷണ സംഘങ്ങൾ തുടർ നടപടികളിൽ ധൃതി കാണിച്ചിരുന്നില്ല. എന്നാൽ, ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഇൗ ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പ്രേരണയിലാണ് ഡോളർ കടത്തിയതെന്ന സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയത്. സ്പീക്കർ പി. ശ്രീരാമകൃഷ്‌ണനോട് മാർച്ച് 12 ന് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു.
സ്പീക്കർക്ക് നോട്ടീസ് അപൂർവ നടപടി
സ്പീക്കർക്ക് നോട്ടീസ് നൽകി വിളിച്ചു വരുത്തുന്നത് അപൂർവ സംഭവമാണ്. രണ്ടു വഴികളാണ് സ്പീക്കർക്കു മുന്നിലുള്ളത്. ഒന്നുകിൽ ചോദ്യം ചെയ്യലിന് ഹാജരാകാം. അല്ലെങ്കിൽ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിക്കാം.
സ്പീക്കർ പദവിയിൽ തനിക്കുള്ള പ്രിവിലേജ് (സംരക്ഷണം) പരിഗണിക്കാതെ നോട്ടീസ് നൽകിയത് നിയമപരമല്ലെന്ന് വാദിക്കാം. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്പീക്കർക്ക് പ്രിവിലേജ് ബാധകമാണോ എന്നതാവും കോടതി പരിശോധിക്കുക. ഒൗദ്യോഗിക കൃത്യനിർവഹണത്തിനും പദവിയനുസരിച്ചുള്ള ധർമ്മം നിർവഹിക്കുമ്പോഴും മാത്രമാണ് പ്രിവിലേജ് ലഭിക്കുന്നതെന്ന് ജെ.എം.എം കോഴക്കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും നിറഞ്ഞു നിൽക്കുന്നതല്ല പ്രിവിലേജെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.
കിഫ്ബി നോട്ടീസ്: ഇനിയെന്ത് ?
മൊഴിയെടുക്കാൻ നൽകിയ നോട്ടീസുകളിൽ ഉദ്യോഗസ്ഥർ ഹാജരാകാത്ത സാഹചര്യത്തിൽ കിഫ്ബിയുടെ ഒാഫീസിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ ഇ.ഡിക്ക് സ്വീകരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |