കൊല്ലം: അധഃസ്ഥിത വിഭാഗങ്ങളുടെ സമരസൂര്യനായിരുന്ന ആർ. ശങ്കറിനെ സർ സി.പിയുടെ ചെരുപ്പ് നക്കിയെന്ന് ചിലർ വിളിച്ചിട്ടുണ്ട്. കൊല്ലം എസ്.എൻ കോളേജ് ആരംഭിക്കാൻ 27.10 ഏക്കർ ഭൂമി പാട്ടത്തിന് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഈ അക്ഷേപം ഉയർന്നത്. ഭൂമി വാങ്ങിയെടുക്കാനും കോളേജ് ആരംഭിക്കാനുമുള്ള നീക്കങ്ങൾക്ക് ഉദ്യോഗസ്ഥ പ്രമാണിമാർ അടക്കം പലരും തുരങ്കം വച്ചു. അതിനെയെല്ലാം അതിജീവിച്ചാണ് ശങ്കർ ഭൂമി എസ്.എൻ.ഡി.പി യോഗത്തിന് പാട്ട വ്യവസ്ഥയിൽ അനുവദിപ്പിച്ചത്. അതിൽ നിന്ന് ഒരു മൺതരി ചോർത്തിയാൽ പോലും ആർ. ശങ്കറിന്റെ ആത്മാവ് പൊറുക്കില്ല. പീരങ്കി മൈതാനത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ ഈ ഭൂമി കവർന്നെടുക്കാൻ ശ്രമിക്കുന്നവർക്ക് കാലം മാപ്പ് നൽകുകയുമില്ല.
കോളേജ് ആരംഭിക്കാൻ പീരങ്കി മൈതാനത്തിന് സമീപത്തെ ഭൂമിക്കായി സർ സി.പിയെ ആർ. ശങ്കർ പലതവണ നേരിൽ കണ്ടു. ഇതിന്റെ പേരിൽ ശത്രുക്കൾ ശങ്കറിനെ സി.പിയുടെ പാദസേവകനെന്ന് മുദ്രകുത്തി. തന്ത്രശാലിയായ ദിവാൻ ഈ അവസരം മുതലെടുത്തു. ശങ്കറിനെ ശത്രുക്കൾ വേട്ടയാടുന്നത് സി.പി കണ്ടുരസിച്ചു. ഒടുവിൽ ആർ. ശങ്കർ സി.പിയോട് പറഞ്ഞു. ' ഉടൻ രണ്ടിലൊന്ന് അറിയണം'. അങ്ങനെ ദിവാൻ ഭൂമി വിട്ടുനൽകാൻ സന്നദ്ധത പ്രകടപ്പിച്ചു.
എന്നാൽ ഒരിഞ്ച് ഭൂമി പോലും വിട്ടുനൽകില്ലെന്ന് അന്നത്തെ ചീഫ് എൻജിനിയർ വാശിപിടിച്ചു. ശങ്കർ കർശന നിലപാടെടുത്തു. ഇതോടെ ചീഫ് എൻജിനിയർ വഴങ്ങി. പ്രതിസന്ധികളെ അതിജീവിച്ച് ഭൂമി സ്വന്തമാക്കിയ ആർ. ശങ്കറിന് അന്ന് ക്രൈസ്തവ മത അദ്ധ്യക്ഷരും എൻ.എസ്.എസ് നേതാക്കളും സ്വർണത്തളികയിൽ മംഗളപത്രം സമർപ്പിച്ചു. ഉത്പന്ന പിരിവ് അടക്കം നടത്തിയാണ് അവിടെ എസ്.എൻ കോളേജ് സ്ഥാപിച്ചത്. വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കിയുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പിനായി 1952ൽ എസ്.എൻ ട്രസ്റ്റ് രൂപീകരിച്ചു. കോളേജും ഭൂമിയും ട്രസ്റ്റിന്റെ കീഴിലായി. ഈ ഭൂമിയിൽ നിന്നാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിനായി കൈയേറാൻ ശ്രമിക്കുന്നത്.
ചരിത്രം ഇങ്ങനെ
1. 1945 നംവബർ 24, 25 തീയതികളിൽ കൊല്ലത്ത് ചേർന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ 41-ാം വാർഷിക സമ്മേളനത്തിൽ കൊല്ലത്ത് കോളേജ് സ്ഥാപിക്കാൻ തീരുമാനിച്ചു
2. ഇതിന് മുൻപേ എൻ. കുമാരൻ പ്രസിഡന്റായി ശ്രീനാരായണഗുരു സ്മാരക കോളേജ് കമ്മിറ്റി രൂപീകരിച്ചു
3. ഈഴവർ സാമാന്യ വിദ്യാഭ്യാസം നേടിയിരുന്നെങ്കിലും ഉന്നത വിദ്യാഭ്യാസം അക്കാലത്ത് അപ്രാപ്യമായിരുന്നു
4. സാക്ഷരതയിൽ ഈഴവരേക്കാൾ പിന്നിലായിരുന്ന വിഭാഗങ്ങളാണ് തലസ്ഥാനത്തെ കോളേജുകളിൽ കൂടുതൽ പ്രവേശനം നേടിയിരുന്നത്
5. ഇതിനിടയിൽ എൻ.എസ്.എസ് കൊല്ലത്ത് കോളേജ് ആരംഭിക്കാൻ ശ്രമം തുടങ്ങി. ഇതോടെ യോഗം നേതാക്കൾ കോളേജിനുള്ള അപേക്ഷ ദിവാന് സമർപ്പിച്ചു
ഭൂമി അനുവദിച്ച വർഷം: 1946 ഡിസംബർ
വിട്ടുനൽകിയത്: 27.10 ഏക്കർ
കൈയേറാൻ ശ്രമിക്കുന്നത്: 0.53 ഹെക്ടർ
''
ആർ. ശങ്കർ ത്യാഗനിർഭരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഒരിഞ്ച് ഭൂമി പോലും ഇൻഡോർ സ്റ്റേഡിയത്തിന്റെ പേരിൽ തട്ടിയെടുക്കാൻ അനുവദിക്കില്ല. പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കും.
പി.വി. രജിമോൻ, എസ്. അജുലാൽ
കോ- ഓർഡിനേറ്റർമാർ, ശ്രീനാരായണ സമഭാവന സാംസ്കാരിക കേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |