
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. ഒരാൾ പ്രതിചേർത്ത അന്ന് മുതൽ ആശുപത്രിക്കിടക്കയിലാണെന്നും അയാളുടെ മകൻ എസ്‌പിയാണെന്നും, അതാണ് ആശുപത്രിയിൽ കിടക്കാൻ കാരണമെന്നും ജസ്റ്റിസ് ബദ്‌റുദ്ദീൻ തുറന്നടിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ജുവലറി വ്യാപാരി ഗോവര്‍ദ്ധൻ അടക്കം മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളുടെ ജാമ്യ ഹര്‍ജി വിധി പറയാനായി മാറ്റി. ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളോട് യോജിപ്പില്ലെന്നും എസ്ഐടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ശബരിമലയിലെ സ്പോണ്‍സര്‍മാര്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. കെ പി ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോയടക്കം ഇന്ന് പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ചെറിയ ഇരയെ ഇട്ട് വലിയ മീനിനെ പിടിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. നേരത്തെ എസ്ഐടിയുടെ നടപടിയെ വിമര്‍ശിച്ച അതേ ദേവസ്വം ബെഞ്ച് തന്നെയാണിപ്പോള്‍ വീണ്ടും ശങ്കരദാസിന്റെ അറസ്റ്റ് ഉണ്ടാകാത്തതിൽ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.
ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് പത്മകുമാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒരുകാരണവശാലും ഒഴിയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനായിരുന്നെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡെന്നും കോടതി ചോദിച്ചു. ശബരിമലയിലെ ശ്രീകോവിൽ വാതിൽ സ്വർണം പൂശിയത് താനെന്നാണ് ഗോവര്‍ദ്ധൻ ജാമ്യാപേക്ഷയിൽ വാദിച്ചത്. അതിന് 35 ലക്ഷം രൂപ ചെലവായെന്നും അയ്യപ്പഭക്തനാണ് താനെന്നും വാറണ്ടി രേഖകള്‍ തന്റെ പക്കലുണ്ടെന്നും ഗോവർദ്ധൻ വാദിച്ചു. ജാമ്യ ഹര്‍ജിയിൽ വാദം കേട്ട ഹൈക്കോടതി വിധി പറയാനായി മാറ്റിവക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |