കെ. രാധാകൃഷ്ണൻ ചേലക്കരയിൽ
തൃശൂർ : ഗുരുവായൂർ മണ്ഡലത്തിൽ ബേബിജോണിനു പകരം സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറിയും ചാവക്കാട് മുൻ നഗരസഭാ ചെയർമാനുമായ എൻ.കെ. അക്ബറെ മത്സരിപ്പിക്കാൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണനെ ചേലക്കരയിൽ മത്സരിപ്പിക്കും. സിറ്റിംഗ് എം.എൽ.എ യു.ആർ. പ്രദീപിനെ മാറ്റിയാണ് രാധാകൃഷ്ണന് സീറ്റ് നൽകുന്നത്.
ജില്ലാ സെക്രട്ടേറിയറ്റ് നേരത്തെ സമർപ്പിച്ച പട്ടികയിൽ സംസ്ഥാന കമ്മിറ്റി അഴിച്ചുപണി നടത്തിയിരുന്നു. ഗുരുവായൂരിൽ ആര് മത്സരിക്കണമെന്നും കെ. രാധാകൃഷ്ണൻ മത്സരിക്കുന്ന മണ്ഡലമേതെന്നും ജില്ലാ സെക്രട്ടേറിയറ്റ് നിശ്ചയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഇരിങ്ങാലക്കുടയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ പ്രൊഫ. ആർ. ബിന്ദു, വടക്കാഞ്ചേരിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി, ചാലക്കുടിയിൽ യു.പി. ജോസഫ് എന്നിവരെ മത്സരിപ്പിക്കും. കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീനും മണലൂരിൽ മുരളി പെരുനെല്ലിയും വീണ്ടും മത്സരിക്കും. പുതുക്കാട് കെ.കെ. രാമചന്ദ്രൻ മത്സരിക്കും. നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ പട്ടികയിൽ ഇരിങ്ങാലക്കുടയിൽ കെ.ആർ. വിജയയുടെയും വടക്കാഞ്ചേരിയിൽ കെ. കണ്ണന്റെയും ചാലക്കുടിയിൽ ബി.ഡി. ദേവസ്സിയുടെയും ചേലക്കരയിൽ യു.ആർ. പ്രദീപിന്റെയും ഗുരുവായൂരിൽ ബേബി ജോണിന്റെ പേരുകളായിരുന്നു.
പ്രാദേശികവും മതപരവുമായ പരിഗണന കൂടി കണക്കിലെടുത്താണ് ഗുരുവായൂരിൽ ബേബിജോണിന് പകരം എൻ.കെ. അക്ബറിനെ പരിഗണിച്ചത്. ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ അദ്ധ്യക്ഷതയിലാണ് സെക്രട്ടേറിയറ്റ് യോഗം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |