തിരുവനന്തപുരം: ഇടതുമുന്നണിയിൽ ചങ്ങനാശേരിക്കായി പിടിമുറുക്കി സി.പി.ഐയും കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവും. ഇന്നലെ നടന്ന സി.പി.എം - സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസിനായി വിട്ടു നൽകണമെങ്കിൽ ചങ്ങനാശേരി കിട്ടിയേ തീരൂവെന്ന് സി.പി.ഐ നിലപാടെടുത്തു.
വൈകാരികപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ചങ്ങനാശേരിക്കായി ജോസ് വിഭാഗം ആവശ്യമുന്നയിച്ചത്. സി.പി.ഐയും ജനാധിപത്യ കേരള കോൺഗ്രസും ഇതേ സീറ്റിനായി അവകാശവാദമുന്നയിച്ചതോടെ കീറാമുട്ടിയായി. ഈ ഘട്ടത്തിലാണ് സി.പി.എം - സി.പി.ഐ ചർച്ച ഇന്നലെ എ.കെ.ജി സെന്ററിൽ നടന്നത്.
കൂടുതൽ കക്ഷികളെത്തിയ സ്ഥിതിക്ക് സി.പി.എമ്മും സി.പി.ഐയും 2006ലെ സ്റ്റാറ്റസ്കോ നിലനിറുത്തണമെന്നതിൽ ധാരണയായി. അതനുസരിച്ച് സി.പി.ഐ 24 സീറ്റുകളിൽ മത്സരിക്കണം. മലപ്പുറത്തെ ഏറനാട്, തിരൂരങ്ങാടി മണ്ഡലങ്ങൾ പൊതുപൂളിലേക്ക് മാറ്റാൻ തയാറാണെന്ന് സി.പി.ഐ വ്യക്തമാക്കി. മഞ്ചേരി സീറ്റ് നിലനിറുത്തും. അവിടം സി.പി.എം ഏറ്റെടുത്ത് സ്വതന്ത്രരെ മത്സരിപ്പിക്കാനാണ് സാദ്ധ്യത. കണ്ണൂരിലെ ഇരിക്കൂറും മാണിഗ്രൂപ്പിനായി അവർ വിട്ടുനൽകി.
കാഞ്ഞിരപ്പള്ളി നൽകാൻ സി.പി.ഐ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ ചങ്ങനാശേരി കിട്ടിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി നൽകില്ലെന്നായിരുന്നു സി.പി.ഐയുടെ ഇന്നലത്തെ നിലപാട്. ഈ സ്ഥിതിക്ക് മാണിഗ്രൂപ്പുമായി വീണ്ടും ചർച്ച ചെയ്‌ത് തീരുമാനമറിയിക്കാമെന്ന് സി.പി.എം അറിയിച്ചു. ചങ്ങനാശേരി അവരുടെ സിറ്റിംഗ് സീറ്റല്ലല്ലോയെന്നാണ് സി.പി.ഐയുടെ ചോദ്യം.
സി.പി.ഐയും ജോസ് വിഭാഗവുമായുള്ള വടംവലിയെന്നതിലേക്ക് കാര്യങ്ങളെത്തിയതോടെ ജനാധിപത്യ കേരള കോൺഗ്രസിന്റെ സാദ്ധ്യത മങ്ങി. ഇന്നുച്ചയോടെ ഉഭയകക്ഷി ചർച്ചകളെല്ലാം തീർക്കാനാണ് നീക്കം. വൈകിട്ട് എൽ.ഡി.എഫ് യോഗം വിളിച്ചിട്ടുണ്ട്. സീറ്റ് വിഭജനത്തിൽ അന്തിമതീരുമാനത്തോടൊപ്പം ഇപ്പോഴത്തെ വിവാദ വിഷയങ്ങളിൽ കൈക്കൊള്ളേണ്ട രാഷ്ട്രീയനിലപാടും യോഗം ചർച്ച ചെയ്‌തേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |