മലയാളത്തിൽ സൂപ്പർഹിറ്റ് ആയ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ദൃശ്യം 2ും ഗംഭീര വിജയമാണ് നേടിയത്. ഇപ്പോഴിതാ ദൃശ്യം 2വിനെ അഭിനന്ദനങ്ങളഉമായി സംവിധായകൻ എസ്.എസ്.രാജമൗലി രംഗത്തെത്തി. സംവിധായകൻ ജീത്തു ജോസഫിന് അയച്ച സന്ദേശത്തിലാണ് ദൃശ്യം 2 കണ്ട ശേഷമുള്ള പ്രതികരണം രാജമൗലി അറിയിച്ചത്. ചിത്രത്തെ മാസ്റ്റർ പീസ് എന്നാണ് ബാഹുബലി സംവിധായകൻ വിശേഷിപ്പിച്ചിരിക്കുന്നത്. തിരക്കഥ,സംവിധാനം, എഡിറ്റിംഗ്, ആക്ടിംഗ് എന്നിങ്ങനെ ഓരോ മേഖലകളെയും രാജമൗലി എടുത്തുപറയുന്നു.
സംവിധായകൻ രാജമൗലി എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അയച്ച സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് ജീത്തു ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇത്തരമൊരു അഭിനന്ദനം കിട്ടിയതിൽ കൃതാർത്ഥനാണെന്നും ജീത്തുജോസഫ് കുറിച്ചിട്ടുണ്ട്. കുറച്ച് ദിവസം മുമ്പാണ് ദൃശ്യം 2 കണ്ടതെന്ന് പറഞ്ഞു കൊണ്ടാണ് രാജമൗലിയുടെ സന്ദേശം. ചിത്രം കണ്ടത് മുതൽ അതിനെക്കുറിച്ചുള്ള ചിന്തകൾ തന്നെ നിറഞ്ഞു നിന്നതിനാൽ ദൃശ്യത്തിന്റെ ആദ്യഭാഗവും കണ്ടുവെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ തെലുങ്ക് വേർഷൻ റിലീസ് ചെയ്ത സമയത്ത് തന്നെ കണ്ടിരുന്നുവെന്ന കാര്യവും പ്രത്യേകം കുറിക്കുന്നുണ്ട്.
'തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി ചിത്രത്തിന്റെ ഓരോ ക്രാഫ്ടും അതിശയിപ്പിക്കുന്നതാണ്. എന്നാലും എടുത്തുപറയേണ്ടത് എഴുത്തിനെ കുറിച്ച് തന്നെയാണ്. ലോകനിലവാരത്തിലുള്ളതാണത്. ചിത്രത്തിന്റെ ആദ്യഭാഗം തന്നെ ഒരു മാസ്റ്റർ പീസാണ് അതുമായി സംയോജിച്ച് പോകുന്ന തരത്തിൽ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കഥയുമായി വീണ്ടുമെത്തുക എന്നത് ബ്രില്ല്യൻസ് തന്നെയാണ്. നിങ്ങളിൽ നിന്നും കൂടുതൽ മാസ്റ്റർ പീസുകൾ ഇനിയും പ്രതീക്ഷിക്കുന്നു'. രാജമൗലി സന്ദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |